കൊല്ലം: ആർഎസ്പി യുഡിഎഫ് വിടുന്നു.ഇടതുമുന്നണിയിൽ എത്തുമെന്നാണ് സൂചന .പാർട്ടിയിൽ എൻ കെ പ്രേമചന്ദ്രൻ ഒറ്റപ്പെടും.മുന്നണിമാറ്റത്തിൽ ഷിബു ബേബി ജോണിന്റെ നിലപാട് നിർണായകം ആകും .നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ യുഡിഎഫിൽ ഭിന്നത രൂക്ഷമായതിനാൽ ആണ് മുന്നണിമാറ്റംസജീവമായത് . മുന്നണിയെ പരാജയത്തിന്റെ പടുകുഴിയിലേക്ക് നയിച്ചത് കോൺഗ്രസിന്റെ പിടിപ്പുകേടാണെന്ന വിമർശനമാണ് ഘടകക്ഷികൾ ഉയർത്തുന്നത്. എന്നാൽ തിരിച്ചടികളിൽ നിന്നും പാഠം പഠിക്കാനും കോൺഗ്രസ് തയ്യാറാകുന്നില്ലെന്ന് ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലിയുള്ള തർക്കങ്ങൾ ചൂണ്ടിക്കാട്ടി ഘടകക്ഷികൾ വിമർശനം ഉയർത്തുന്നു. അതിനിടെ യു ഡി എഫ് ബന്ധം അവസാനപ്പിക്കുന്നത് സംബന്ധിച്ചുള്ള സജീവ ചർച്ചയിലാണ് ഘടകക്ഷിയായ ആർഎസ്പി എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതേസമയം ഇത് സംബന്ധിച്ച് പാർട്ടിയിൽ രണ്ട് അഭിപ്രായങ്ങളാണ് ഉള്ളത്.
കഴിഞ്ഞ ദിവസം യുഡിഎഫ് മുന്നണി യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ആർഎസ്പി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിന് കോൺഗ്രസിനോട് യോഗം വിളിച്ച് ചേർക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നായിരുന്നു ആർഎസ്പി നേതൃത്വം വ്യക്തമാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ആർഎസ്പി നിലപാട് കടുപ്പിച്ചത്.
യുഡിഎഫ് തെറ്റ് തിരുത്തണം. ഈ നിലയിൽ പോയാൽ പോരെന്നും ആർഎസ്പിക്ക് മുന്നണിയിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും വ്യക്തമാക്കി ജൂലൈ 28നാണ് കത്ത് നൽകിയത്. 40 ദിവസമായിട്ടും കോൺഗ്രസ് കത്തിനോട് പ്രതികരിച്ചിട്ടില്ലെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. കത്തിൻമേൽ നടപടി കൈക്കൊള്ളാതെ മുന്നണി യോഗത്തിൽ പോയി വെറും കാഴ്ചക്കാരായി നിൽക്കേണ്ടതില്ലെന്നാണ് ആർഎസ്പി നേതൃത്വത്തിന്റെ നിലപാട്.
അതേസമയം ഇത്തരം പ്രതിസന്ധിയ്ക്കിടയിൽ ഇനിയും മുന്നണിയിൽ തുടരേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. ഇത് സംബന്ധിച്ച് അടിയന്തര തിരുമാനം കൈക്കൊള്ളാൻ നേതൃത്വം തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തന്നെ മുന്നണി വിടണമെന്ന ആവശ്യം ആർഎസ്പിയിൽ ശക്തമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടാം തവണയും സമ്പൂർണ പരാജയമായിരുന്നു ആർഎസ്പി നേരിട്ടത്.
2011 ൽ എൽഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ രണ്ട് അംഗങ്ങൾ ആർഎസ്പിക്ക് ഉണ്ടായിരുന്നു. എന്നാൽ എൽഡിഎഫ് ബന്ധം അവസാനിപ്പിച്ച് യുഡിഎഫിലെത്തിയപ്പോൾ നിയമസഭയിലേക്ക് ഒരു അംഗത്തെ പോലും ജയിപ്പിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പിൽ ആവശ്യപ്പെട്ട സീറ്റുകൾ യുഡിഎഫ് നൽകാൻ തയ്യാറായില്ലെന്ന ആക്ഷേപം ആർഎസ്പിക്ക് ഉണ്ട്. ഇത്തവണ അഞ്ച് സീറ്റിലായിരുന്നു ആർഎസ്പി മത്സരിച്ചിരുന്നത്. ചവറ, കുന്നത്തുനാട്, ആറ്റിങ്ങല്‍, മട്ടന്നൂര്‍, ഇരവിപുരും സീറ്റുകളിലായിരുന്നു മത്സരിച്ചത്. എന്നാൽ കുന്നത്തൂനാടിന് ന്പുറമേ ആറ്റിങ്ങൽ സംവരണ സീറ്റ് കൂടി ഏറ്റെടുക്കാൻ നിർബന്ധിതമായെന്നും ജയസാധ്യത തീരെ ഇല്ലാത്ത മട്ടന്നൂർ അടിച്ചേൽപ്പിച്ചുവെന്നുമാണ് പാർട്ടിയിലെ വികാരം.
മാത്രമല്ല ചവറ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ സഹകരണം ഉണ്ടായില്ലെന്നും തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചേർന്ന ആർഎസ്പി നേതൃയോഗത്തിൽ ചർച്ചയായിരുന്നു. അതേസമയം ഇപ്പോഴത്തെ പ്രതിസന്ധിയ്ക്കിടെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ ആർ എസ് പി ശനിയാഴ്ച യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. മുന്നണി മാറ്റം പ്രധാന ചർച്ചാ വിഷയം ആയേക്കും. എന്നാൽ ഇപ്പോൾ മുന്നണി വിട്ടാൽ എൽഡിഎഫ് തങ്ങളെ സ്വാഗതം ചെയ്യുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. എൽഡിഎഫിൽ എത്തിയാൽ തന്നെ കൂടുതൽ വിട്ടുവീഴ്ചകൾ മുന്നണിയിൽ സ്വീകരിക്കേണ്ടി വരുമെന്നതും ആശങ്കയാണ്. അതേസമയം യുഡിഎഫ് വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിച്ച് ഒരു മുന്നണിയുടേയും ഭാഗമാകാതെ തുടരുക എളുപ്പമല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇപ്പോൾ മുന്നണി വിടേണ്ട സാഹചര്യം ഇല്ലെന്നാണ് പാര്‍ട്ടി നേതാവ് ഷിബു ബേബി ജോണ്‍ പറയുന്നത്.എൻ കെ പ്രേമചന്ദ്രനും യുഡിഎഫ് വിടേണ്ടെന്ന നിലപാടാണ്.