കോൺഗ്രസിൽ കലാപം രൂക്ഷമായി..വഴങ്ങാതെ ഉമ്മൻ‌ചാണ്ടി.ചർച്ചക്ക് ഇങ്ങോട്ട് വന്നാൽ തയാർ എന്നും ഉമ്മൻ ചാണ്ടി

തിരുവന്തപുരം: കോൺഗ്രസിൽ കലാപം രൂക്ഷമായി. രമേശ് ചെന്നിത്തല തുറന്നടിച്ച് രംഗത്തെത്തിയതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. അതിനിടെ ആണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം പുറത്തുവരുന്നത്. പ്രശ്നം അവസാനിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം. കൂടുതലൊന്നും ഇപ്പോൾ പ്രതികരിക്കാനില്ല എന്ന് പറഞ്ഞ് പരമാവധി ഒഴിഞ്ഞു മാറാൻ ആണ് ഉമ്മൻചാണ്ടി ഇന്നും ശ്രമിച്ചത്. എന്നാൽ മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായി പ്രശ്നങ്ങളിൽ ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അതേസമയം ചർച്ചകൾക്ക് ആരെങ്കിലും മുൻകൈ എടുത്താൽ മാത്രമാണ് സഹകരിക്കുക എന്നാണ് ഉമ്മൻചാണ്ടി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

നേരത്തെ എ ഐ ഗ്രൂപ്പുകൾ താരിഖ് അൻവറിതിരെ പരാതി നൽകിയിരുന്നു. കേരളത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ താരിഖ് അൻവർ തന്നെ ആകും ചർച്ചകൾക്കായി ഈ മാസം എട്ടിന് തിരുവനന്തപുരത്ത് എത്തുന്നത് എന്നാണ് വിവരങ്ങൾ. ഗ്രൂപ്പുകൾ എതിർത്ത താരിഖ് അൻവർ തന്നെ ചർച്ചകൾക്കായി എത്തുന്നതിൽ എ ഐ ഗ്രൂപ്പുകൾക്ക് അതൃപ്തിയുണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് ഉമ്മൻചാണ്ടി പ്രതികരിച്ചത് ഇങ്ങനെയാണ്.’ താരിഖ് അൻവർ ഹൈക്കമാൻഡ് പ്രതിനിധി ആണല്ലോ’ ഒറ്റവാചകത്തിൽ ഉമ്മൻചാണ്ടി പ്രതികരണം അവസാനിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിങ്കളാഴ്ച യുഡിഎഫ് യോഗം ചേരാൻ ഇരിക്കുകയാണ്. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കോട്ടയത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാൻ വേണ്ടിയാണ് എത്തിയിട്ടുള്ളത്. ഇതിനുശേഷം തിരുവനന്തപുരത്ത് എത്തി യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാൻ ആണ് ശ്രമിക്കുന്നത് എന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പ്രശ്നപരിഹാരമായോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. ഇനിയും ദിവസങ്ങളുണ്ടല്ലോയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. പാർട്ടിയിൽ പ്രശ്നങ്ങളുണ്ടായാൽ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് മാർഗം. ചർച്ചകൾക്കായി നേതൃത്വം മുൻകയ്യെടുത്താൽ സഹകരിക്കും. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കും. ഡിസിസി ചടങ്ങില്‍ നിന്നും വിട്ടുനിന്നതല്ല. ഡിസിസി അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങുകളില്‍ സാധാരണ പങ്കെടുക്കാറില്ല. കെ സുധാകരന്‍ ഡയറി ഉയര്‍ത്തിക്കാട്ടിയ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പിന്നീട് പ്രതികരിക്കാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് താന്‍ ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയെന്ന് പറഞ്ഞാണ് സുധാകരന്‍ തെളിവായി ഡയറി കാണിച്ചത്.

ഇന്നലെ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചതോടെയാണ് എ, ഐ ഗ്രൂപ്പുകളുടെ പടയൊരുക്കം അടുത്ത ഘട്ടത്തിലേക്ക് കടന്നത്. താന്‍ നാലണ മെമ്പര്‍ മാത്രമാണെന്നും തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയോട് ആലോചിക്കണമായിരുന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്. “എന്നോടൊന്നും ആലോചിക്കണമെന്ന് ഞാന്‍ പറയില്ല. ഞാനീ പാര്‍ട്ടിയിലെ നാലണ മെമ്പറാണിപ്പോള്‍‌. ഉമ്മന്‍ചാണ്ടി അതുപോലെയല്ല. എഐസിസി ജനറല്‍ സെക്രട്ടറിയാണ്, വര്‍ക്കിങ് കമ്മിറ്റി മെമ്പറാണ്. ഉമ്മന്‍ചാണ്ടിയോട് സംഘടനാപരമായി തന്നെ ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. കോണ്‍ഗ്രസിനെ ഒന്നിച്ചുനിര്‍ത്തുക എന്ന ഉത്തരവാദിത്വമാണ് നമുക്ക് എല്ലാവര്‍ക്കുമുള്ളത്.

 

ഇത് റിലേ ഓട്ട മത്സരമൊന്നുമല്ല. എല്ലാവരും കൂടി ഒരുമിച്ച് നിന്ന് പോരാടേണ്ട സന്ദര്‍ഭത്തില്‍ യോജിപ്പിന്‍റെ പാത തുറക്കുക എന്നതാണ് നേതൃത്വത്തിന്‍റെ ഉത്തരവാദിത്വം”- ചെന്നിത്തല പറഞ്ഞു. താനും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ നയിച്ച 17 വർഷക്കാലം വലിയ നേട്ടം കൈവരിച്ചു. അധികാരം കിട്ടിയപ്പോള്‍ താന്‍ ധാർഷ്ട്യം കാട്ടിയിട്ടില്ല. ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ച് കൊണ്ടുപോയി. അഹങ്കാരത്തോടെ പ്രവർത്തിച്ചിട്ടില്ല. അച്ചടക്കത്തെ കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷം. മുൻകാല പ്രാബല്യം പരിശോധിച്ചാൽ ഇവരാരും പാർട്ടിയിലുണ്ടാകില്ലെന്നും ചെന്നിത്തല തുറന്നടിച്ചു. കോട്ടയം ഡിസിസി അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടികൾ എല്ലാം. പ്രശ്നങ്ങൾ ഉടൻ തീരുമോ എന്ന ചോദ്യത്തിന് ഇനിയും ദിവസങ്ങൾ കിടക്കുകയല്ലേ എന്ന് മറുപടി ആണ് അദ്ദേഹം നൽകിയത്. രമേശ് ചെന്നിത്തല തുറന്ന് നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ അർഥഗർഭമായ വാചകങ്ങൾ ഒരു കാത്തിരിപ്പിന്റെ സൂചനയാണ് നൽകുന്നത്. ചർച്ചകൾക്കായി ഹൈക്കമാൻഡ് പ്രതിനിധി എത്തുമ്പോൾ നിങ്ങളുടെ പരാതികൾ എണ്ണി എണ്ണി അവതരിപ്പിക്കാനാണ് എ ഐ ഗ്രൂപ്പുകൾ തയ്യാറെടുത്ത് കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഉമ്മൻചാണ്ടി തുറന്നൊരു പ്രതികരണത്തിന് തയ്യാറാകാത്തത് എന്നും സൂചനയുണ്ട്. മാത്രമല്ല ഉമ്മൻചാണ്ടിക്ക് വേണ്ടി ആണ് രമേശ് ചെന്നിത്തല ഇന്നലെ കോട്ടയത്ത് ഡിസിസി വേദിയിൽ പ്രസംഗിച്ചത് എന്നും വ്യക്തം.

അതുകൊണ്ടുതന്നെ അതിനു മുകളിൽ നിന്നുകൊണ്ട് ഒരു പരാമർശങ്ങൾക്ക് പ്രസക്തിയില്ല എന്നും ഉമ്മൻചാണ്ടി വിലയിരുത്തുന്നു. താൻ നാലണ മെമ്പർ മാത്രമാണെന്നും ഉമ്മൻചാണ്ടി എസിയുടെ ജനറൽ സെക്രട്ടറി ആയതുകൊണ്ടുതന്നെ ചർച്ചകളിൽ ഉമ്മൻചാണ്ടിയെ ഒഴിവാക്കാനാകില്ല എന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്നാൽ രമേശ് ചെന്നിത്തല പറഞ്ഞതിനെ കുറിച്ച് ഒന്നും പറയാനില്ല എന്നുപറഞ്ഞ് ആ വിഷയത്തിൽ നിന്നും ഉമ്മൻചാണ്ടി ഒഴിഞ്ഞുമാറി. കോട്ടയത്ത് നാട്ടകം സുരേഷ് ഡിസിസി അധ്യക്ഷൻ ആയി ചുമതലയേറ്റ വേദിയിൽനിന്ന് മാറിനിന്നത് മറ്റു പരിപാടികൾ ഉള്ളതിനാൽ ആണെന്ന് ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. സ്ഥിരമായി ഡിസിസി അധ്യക്ഷൻ മാർ ചുമതല എടുക്കുന്ന പരിപാടികളിൽ പങ്കെടുക്കാറില്ല എന്നും ഉമ്മൻചാണ്ടി പറഞ്ഞു. തന്റെ സമയം കൂടി നോക്കി പരിപാടി വെക്കുന്നത് ശരിയല്ലാത്തതിനാൽ ആണ് മാറി നിൽക്കാറുള്ളത് എന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

Top