അച്ചടക്ക നടപടിയിലും ജനാധിപത്യമില്ല. ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ച കാര്യത്തിൽ ചർച്ച നടന്നിട്ടില്ല.പ്രതിഷേധം പരസ്യമാക്കി ഉമ്മൻചാണ്ടി.

കോട്ടയം: ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ചത്തിൽ പൊട്ടിത്തെറിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത് വന്നു . സമീപകാലത്തൊന്നും ഇല്ലാത്ത നിലയിൽ പരസ്യ പ്രതികരണവുമായി ഉമ്മൻചാണ്ടി രംഗത്ത് വന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ച കാര്യത്തിൽ ഫലപ്രദമായ ചർച്ച നടന്നിട്ടില്ല എന്ന് ഉമ്മൻചാണ്ടി ആരോപിച്ചു.

ചർച്ച നടന്നെങ്കിൽ ഇതിനേക്കാൾ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നു. അനാവശ്യമായി തൻറെ പേര് പലയിടങ്ങളിലും വലിച്ചിഴച്ചതായും ഉമ്മൻചാണ്ടി പരാതിപ്പെടുന്നു. പട്ടിക ആവശ്യപ്പെട്ടതുകൊണ്ടാണ് മൂന്ന് പേരുടെ പേരുകൾ താൻ നൽകിയത് എന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ ചർച്ച ഉണ്ടായില്ല ഇല്ല എന്നും ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ പറഞ്ഞു. ചർച്ചകൾ നടന്നില്ല എന്ന് ഉമ്മൻചാണ്ടി പറയുമ്പോൾ തനിക്കെതിരെ പുറത്തുവന്ന വിവരങ്ങളെക്കുറിച്ചുമാണ് ഉമ്മൻചാണ്ടി വിമർശിക്കുന്നത്. ഇല്ലാത്ത ചർച്ച നടന്നു എന്ന് പ്രചരിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഉമ്മന്‍ ചാണ്ടിയെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യപ്രതികരണങ്ങള്‍ പതിവുള്ളതല്ല. ഗ്രൂപ്പ് പോരുകളില്‍ പോലും അത്തരത്തില്‍ പേരെടുത്ത് വിമര്‍ശനങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. കാര്യമായ ചര്‍ച്ച നടന്നില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനത്തിനെതിരെ പരസ്യമായി തന്നെ പ്രതികരിക്കുകയാണ് പുതിയ നേതൃത്വം. കെ സുധാകരന്റേയും വിഡി സതീശന്റേയും നേതൃത്വത്തിലാണ് വിമര്‍ശനം. ഡിസിസി പട്ടികയില്‍ ഉമ്മന്‍ ചാണ്ടി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതില്‍ വിഷമമുണ്ട് എന്നായിരുന്നു കെ സുധാകരന്‍ ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

പട്ടിക സംബന്ധിച്ച വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ അതുകൊണ്ട് അവസാനിപ്പിച്ചില്ല അദ്ദേഹം. ഡിസിസി അധ്യക്ഷ പട്ടികയിലേക്ക് ഉമ്മന്‍ ചാണ്ടി തന്റെ മുന്നില്‍ ഉന്നയിച്ച പേരുകള്‍ വരെ ഉയര്‍ത്തിക്കാട്ടിയായിരുന്നു സുധാകരന്റെ പ്രതികരണം. രൂക്ഷമായ വാക്കുകളും സുധാകരന്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ഉപയോഗിച്ചിട്ടുണ്ട്. ‘അസത്യം, വാസ്തവ വിരുദ്ധം, തെറ്റ്’ എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനത്തോടുള്ള സുധാകരന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടി പൊതുസമൂഹത്തില്‍ കളവ് പറയുന്നു എന്ന തരത്തില്‍ സുധാകരന്‍ നടത്തിയ പ്രതികരണത്തില്‍ എ ഗ്രൂപ്പിന് കടുത്ത അമര്‍ഷമുണ്ട്. ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിയ വിമര്‍ശനങ്ങളെ ഒന്നും വലിയ കാര്യമായി എടുക്കുന്നില്ല എന്ന രീതിയില്‍ മറ്റ് ചില പരാമര്‍ശങ്ങളും സുധാകരന്‍ നടത്തിയിട്ടുണ്ട്.

കെ ശിവദാസൻ നായർ കെ പി അനിൽകുമാർ എന്നിവർക്കെതിരെ അച്ചടക്ക നടപടി എടുത്ത രീതിയെയും ഉമ്മൻചാണ്ടി തള്ളിപ്പറഞ്ഞു. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. കോൺഗ്രസിൽ പലരീതികളും നിലനിൽക്കുന്നുണ്ട്. അഭിപ്രായ പ്രകടനം നടത്തിയവരോട് വിശദീകരണം ചോദിക്കാമായിരുന്നു. എന്നാൽ ഇത് ഉണ്ടായില്ല എന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടുന്നു.അച്ചടക്ക നടപടി ജനാധിപത്യ രീതിയിൽ അല്ല എന്ന് അദ്ദേഹം ആരോപിച്ചു.

അഭിപ്രായപ്രകടനം നടത്തുന്നവർക്കെതിരെ അച്ചടക്ക നടപടി എന്നാൽ തനിക്കെതിരെയും നടപടി ഇപ്പോൾ എടുക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.ഏതായാലും ഉമ്മൻചാണ്ടിയുടെ തുറന്നടിച്ചു ഉള്ള പ്രതികരണം കോൺഗ്രസ് ക്യാമ്പിൽ വലിയ ചർച്ചയ്ക്ക് ആണ് കാരണമായിട്ടുള്ളത്. ഉമ്മൻ ചാണ്ടിയുടെ നിലപാട് ശരിവെച്ച് കെ സി ജോസഫും രംഗത്തുവന്നിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ അഭിപ്രായം കേൾക്കാത്തത് ശരിയായില്ല എന്ന് കെ സി ജോസഫ് പറഞ്ഞു. ഹൈക്കമാൻഡ് പുറത്തുവിട്ട പട്ടിക അംഗീകരിക്കുന്നു. എന്നാൽ ശരിയായ രീതിയിലല്ല ചർച്ചകൾ നടന്നത്.

കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട സാഹചര്യത്തിൽ, അനൈക്കം ഉണ്ടാകാതിരിക്കാൻ കേരളത്തിലെ പാർട്ടി നേതൃത്വം ശ്രമിക്കേണ്ടതായിരുന്നു എന്നു പറഞ്ഞ് സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാൻ കെ സി ജോസഫ് ശ്രമിക്കുന്നുണ്ട്. സമവായം ഉണ്ടാക്കി വേണമായിരുന്നു പട്ടിക നൽകേണ്ടത്. അത് ഉണ്ടാകാത്തതിൽ വേദനയുണ്ട്. ഗ്രൂപ്പുകളുടെ പേരിൽ നിലവിൽ തർക്കമില്ല എന്നും കെ സി ജോസഫ് കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടിയുടെ സ്വന്തം തട്ടകത്തിൽ പോലും അദ്ദേഹം നിർദ്ദേശിച്ച ആൾ അല്ല ഡിസിസി അധ്യക്ഷൻ ആയത്. അതും ഉമ്മൻചാണ്ടി ക്യാമ്പിനെ അസ്വസ്ഥതയിലാക്കുന്നു. അതേസമയം ഏറെക്കാലമായി പരസ്യ പ്രതികരണം നടത്താനിരുന്ന ഉമ്മൻചാണ്ടി തുറന്നടിച്ചു രംഗത്തുവന്നത് സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളിയാണ്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞുനിൽക്കുന്ന സാഹചര്യം പ്രവർത്തകർക്കിടയിലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഹൈക്കമാൻഡിനെ എതിരെ പറഞ്ഞില്ലെങ്കിലും നിലവിലെ പട്ടിക തീരുമാനിച്ചതിൽ ഉമ്മൻചാണ്ടി ക്യാമ്പിൽ കേന്ദ്ര നേതൃത്വത്തിനെതിരെയും അതൃപ്തിയുണ്ട്.

Top