സുധാകരനും സതീശനും തിരിച്ചടി ! ആർഎസ്പി മുന്നണി മാറാനുറപ്പിച്ചു.മുന്നണി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ആര്‍എസ്പി.എൻകെ പ്രേമചന്ദ്രൻ ഇനിയെന്ത് ചെയ്യും ?

തിരുവനന്തപുരം: നേതൃമാറ്റത്തെയും ഡിസിസി പട്ടികയെയും ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത പൊട്ടിത്തെറി യുഡിഎഫിലേക്കും വ്യാപിക്കുന്നു. മുന്നണിയിലെ ഘടകകക്ഷിയായ ആര്‍എസ്പി മുന്നണി വിടുമെന്നുറപ്പായി .മുന്നണിയോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍എസ്പി തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് യുഡിഎഫിനുള്ളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ആര്‍എസ്പി കത്ത് നല്‍കിയിരുന്നു. എന്നാല്‍, യുഡിഎഫ് നേതൃത്വം ഇതിന് തയ്യാറായില്ല. യുഡിഎഫ് യോഗത്തിന് ശേഷം ഉഭയകക്ഷിയോഗം മതിയെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം. ഇതോടെയാണ് മുന്നണി യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് തര്‍ക്കവും തമ്മിലടിയും അവസാനിപ്പിക്കണമെന്ന് യുഡിഎഫില്‍ എത്തി കാലം മുതല്‍ ആര്‍എസ്പി പരസ്യമായും രഹസ്യമായും പറയുന്നതാണ്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഭാവി പരിപാടികള്‍ സപ്തംബര്‍ നാലിന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. മുന്നണി വിടുന്നതിനെക്കുറിച്ചും പാര്‍ട്ടിയില്‍ ആലോചന നടക്കുന്നതായാണ് വിവരം. മുതിര്‍ന്ന നേതാക്കള്‍ തമ്മിലടിക്കാതിരുന്നാലേ കോണ്‍ഗ്രസ് രക്ഷപ്പെടുകയുള്ളുവെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാട് ആര്‍എസ്പിയില്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ശനിയാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമുണ്ടാവും. യുഡിഎഫില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ പരിഹാരമുണ്ടായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


നിയമസഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ ഇക്കാര്യം ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പരസ്യമായി പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ യുഡിഎഫ് ബന്ധം അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാണിച്ച ആര്‍എസ്പിയുടെ ഒരു വിഭാഗം രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്. മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്പി നിര്‍ബന്ധിതമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട ആവശ്യം ഉയരുമെന്നാണ് സൂചന.

കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ നേരിട്ട ഏറ്റവും ദയനീയ പരാജയമായിരുന്നു ഇക്കളിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേത്. എന്നിട്ടും നേതാതക്കളും ഗ്രൂപ്പുകളും തമ്മിലുള്ള പോര് കോണ്‍ഗ്രസില്‍ അവസാനിച്ചിരുന്നില്ല, ഇതിനെതിരെ കടുത്ത ഭാഷയിലാണ് ആര്‍എസ്പി വിമര്‍ശിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഷിബു ബേബി ജോണ്‍ പല തവണ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മുന്നണി മാറ്റം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നതായാണ് സൂചന.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളിലാണ് ആര്‍എസ്പി മത്സരിച്ചത്. അഞ്ചിടത്തും ദയനീയ തോല്‍വിയാണ് ആര്‍എസ്പി നേരിട്ടത്. പരാജയത്തിന് കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഐക്യമില്ലായ്മയാണെന്നാണ് ആര്‍എസ്പിയുടെ വിലയിരുത്തല്‍. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടേണ്ടി വന്നാല്‍ ആര്‍എസ്പി എന്ന പാര്‍ട്ടിയുടെ പതനത്തിവലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. യുഡിഎഫ് ബന്ധം അവസാനിപ്പിക്കാന്‍ ഏറ്റവും അനിയോജ്യമായ സമയം ഇപ്പോഴാണെന്നാണ് ഈ വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. അടുത്ത ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം നേതാക്കള്‍ ഉന്നയിച്ചേക്കും. പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്ത് ആര്‍എസ്പി ഒരു മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാതെ പോകില്ല. എന്നാല്‍ പെട്ടെന്നൊരു മുന്നണി മാറ്റം എന്ന തീരുമാനം ആര്‍എസ്പി എടുക്കുമോ എന്നത് കണ്ടറിയണം.

അതേസമയം, മുന്നണി മാറ്റത്തെ കുറിച്ച് സംഘടന തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മില്‍ നിന്നുള്ള ഒരു ക്ഷണം അനിവാര്യമാണ്. ഇതിന് വേണ്ടിയാണ് ഒരു വിഭാഗം നേതാക്കള്‍ കാത്തിരിക്കുന്നത്. യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് പുറത്തുവരണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒന്നിലേറെ തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളില്‍ നിന്നുള്ള ഒരു ക്ഷണത്തിനാണ് ആര്‍എസ്പി ഇപ്പോള്‍ കാത്തിരിക്കുന്നതെന്നാണ് വിവരം. 2014ല്‍ ആയിരുന്നു കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് ആര്‍എസ്പി യുഡിഎഫിലേക്ക് പോകുന്നത്. കൊല്ലം ലോക്‌സഭ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു അന്ന് മുന്നണി മാറ്റത്തിലേക്ക് കലാശിച്ചത്. കൊല്ലം ലോക്‌സഭ സീറ്റിന് വേണ്ടി ആവശ്യം ഉന്നയിച്ചപ്പോള്‍ അപമാനിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി ഇടതുമുന്നണി വിടുകയായിരുന്നു.

അന്ന് പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറിയുണ്ടാകാതിരിക്കാന്‍ കാരണമായത് വൈകാരികമായ തീരുമാനമായതിനാലാണ്. എന്നാല്‍ ഇപ്പോള്‍ ആര്‍എസ്പി പെട്ടൊന്നൊരു മുന്നണി മാറ്റത്തിലേക്ക് കടന്നേക്കില്ല. കീഴ്ഘടകങ്ങളിലടക്കം വിശദമായ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ മുന്നണി മാറ്റം എന്ന തീരുമാനത്തിലേക്ക് എത്തുകയുള്ളൂ. അതേസമയം, തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ഒക്കെ പശ്ചാത്തലത്തില്‍ മുന്നണി മാറ്റത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാനസികമായി തയ്യാറെടുത്തതായാണ് വിവരം. ആര്‍എസ്പിയെ പോലുള്ള ഒരു പാര്‍ട്ടിക്ക് എല്‍ഡിഎഫ് പോലുള്ള ഒരു മുന്നണിയില്‍ മാത്രമേ നില്‍ക്കാനാകൂ എന്നാണ് പ്രവര്‍ത്തകര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍എസ്പിയെ സ്വീകരിക്കാന്‍ എല്‍ഡിഎഫിനും വലിയ മടിയൊന്നും കാണില്ല.

എന്നാല്‍ കൊല്ലം ലോക്‌സഭ സീറ്റില്‍ യുഡിഎഫ് മുന്നണിയില്‍ നിന്ന് മത്സരിച്ച് വിജയിച്ച എന്‍കെ പ്രേമചന്ദ്രനാണ് പെട്ടെന്നൊരു തീരുമാനത്തിലെത്താന്‍ തടസമുള്ളത്. കാരണം, സിപിഎമ്മിന്റെ പ്രമുഖ നേതാക്കളെയാണ് എന്‍കെ പ്രേമചന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. കൂടാതെ യുഡിഎഫിലേക്ക് പോയതിന് പിന്നാലെ എല്‍ഡിഎഫിനും സിപിഎമ്മിനും എതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഒരു നേതാവായി എന്‍കെ പ്രേമചന്ദ്രന്‍ മാറിയിരുന്നു. എന്നാല്‍ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി കാരണം പാര്‍ട്ടിയില്‍ പ്രതിസന്ധികളും കൊഴിഞ്ഞുപോക്കും രൂക്ഷമായി തുടരുന്നുണ്ട്. കൂടാതെ യുഡിഎഫ് മേധാവിത്വമുള്ള സഹകരണ ബാങ്ക് സമിതികളില്‍ പോലും തങ്ങള്‍ക്ക് പ്രാതിനിഥ്യം ലഭിക്കുന്നില്ലെന്ന പരാതിയും ആര്‍എസ്പിയില്‍ ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയിലെ പ്രമുഖ നേതാവ് ഇടതുപക്ഷവുമായി നടത്തിയ ചര്‍ച്ചകളുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

സിപിഐയില്‍ ചേരാന്‍ ഒരുങ്ങിയ സംസ്ഥാന കമ്മിറ്റി അംഗത്തെ അവസാനി നിമിഷം പാര്‍ട്ടി ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് പരാജയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി കത്ത് നല്‍കിയിട്ട് ദിവസങ്ങളോളമായി. ഇതുവരെ തുടര്‍ നടപടികളുണ്ടായിട്ടില്ല എന്നാണ് വിവരം. ഇങ്ങനെ പോകാനാണെങ്കില്‍ മുന്നണിയുടെ ആവശ്യമില്ലെന്നാണ് ആര്‍എസ്പിയിലെ പൊതുവികാരം. ഈ സാഹചര്യത്തില്‍ യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍എസ്പി തീരുമാനിച്ചിരുന്നു. പാര്‍ട്ടി ഉന്നയിച്ച കാര്യങ്ങളില്‍ ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടാകുന്നത് വരെ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ട എന്നാണ് ആര്‍എസ്പിയുടെ തീരുമാനം.

Top