ശബരിമലയില്‍ ബിജെപി നടത്തിയ സമരത്തില്‍ ആര്‍എസ്എസ് നിര്‍ദ്ദേശത്തിന് വിരുദ്ധമായാണ് കെ.സുരേന്ദ്രന്‍ ഇടപെട്ടതെന്ന് വിമര്‍ശനം. ആര്‍എസ്എസ് നിര്‍ദ്ദേശം ലംഘിച്ചാണ് സുരേന്ദ്രന്റെ സന്നിധാനത്തേയ്ക്കുള്ള പോക്കെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ശബരിമലയിലെ സമരത്തില്‍ ആര്‍എസ്എസിന്റെ ഇടപെടല്‍ വ്യക്തമായിരുന്നു.
ശബരിമല വിഷയത്തില്‍ സന്നിധാനമടക്കമുള്ള ഇടങ്ങളില്‍ പ്രത്യക്ഷ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബി.ജെ.പി തീരുമാനിച്ചിരുന്നു. ആര്‍എസ്എസ് നിര്‍ദേശത്തെ തുടര്‍ന്നാണ് പാര്‍ട്ടി ഇത്തരമൊരു നിലപാടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. അതിന് പിന്നാലെയാണ് കെ സുരേന്ദ്രനെതിരെ ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്
ശബരിമല വിഷയത്തില്‍ ആര്‍എസ്എസ്- ബിജെപി ക്യാമ്പുകളിലെ ഭിന്നത ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സന്നിധാനത്ത് രാഷ്ട്രീയ സമരം വേണ്ടെന്നും ബി.ജെ.പിയുടെ പ്രതിഷേധം പുറത്തുമതിയെന്നുമാണ് ആര്‍.എസ്.എസ് നിലപാട്. ഇതോടെയാണ് സെക്രട്ടറിയേറ്റിനു സമീപം അനിശ്ചിതകാല സത്യാഗ്രഹം എന്ന തീരുമാനത്തിലേക്ക് ബി.ജെ.പി എത്തിച്ചേരുകയായിരുന്നു.
എന്നാല്‍ ഈ ഒത്തുതീര്‍പ്പ് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ശബരിമല സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ബിജെപി നേതാവ് മുരളീധരന്‍ വ്യക്തമാക്കി. ഇത് ബിജെപിയ്ക്കുള്ളില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്.
‘ഒത്തുതീര്‍പ്പ് എന്തായാലും നടക്കില്ലല്ലോ. ഒത്തുതീര്‍പ്പിന് ഒരു സംസ്ഥാന പ്രസിഡന്റും തയ്യാറാവുമെന്ന് എനിക്കു തോന്നുന്നില്ല. കാരണം സിപിഐഎമ്മുമായിട്ട് ബി.ജെ.പിക്ക് ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഒരു പ്രവര്‍ത്തകനും അനുവദിക്കില്ല. അതുകൊണ്ട് ഒരു സംസ്ഥാന പ്രസിഡന്റും അങ്ങനെയൊരു ശ്രമം നടത്തുമെന്ന് എനിക്കു തോന്നുന്നില്ല- മുരളീധരന്‍ പറഞ്ഞു