
ഹിന്ദു സംരക്ഷകരായും ആചാര സംരക്ഷകരായും സ്വയം അവരോധിക്കുന്ന ആർഎസ്എസിൻ്റെ ഹിന്ദു പ്രേമം വെറും പുറംപൂച്ചും അടവ് നയവും മാത്രമാണെന്ന് പല നിരീക്ഷകരും തുറന്ന് കാണിച്ചിട്ടുണ്ട്. ഇത്തരം വെളിപ്പെടുത്തലുകൾക്ക് പിൻബലമേകുന്ന പുതിയൊരു സംഭവം തിരുവനന്തപുരത്ത് അരങ്ങേറിയിരിക്കുകയാണ്.
പടിഞ്ഞാറെകോട്ടക്ക് സമീപത്തെ മിത്രാനന്തപുരം കുളത്തിന് അരികിലുളള മുഞ്ചിറ മഠം ആർഎസ്എസ് പിടിച്ചെടുത്തത് സംബന്ധിച്ച് ഉടലെടുത്ത പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുകയാണ്. മൂഞ്ചിറമഠം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം നടത്തുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുരോഹിതന്‍ പുഷ്പാഞ്ജലി സ്വാമിയാരുടെ സത്യാഗ്രഹ പന്തല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റി. പന്തല്‍ പൊളിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.
അതീവ സുരക്ഷാ മേഖലയായ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയ്ക്ക് സമീപമാണ് പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ സത്യാഗ്രഹം ആരംഭിച്ചത്. മൂഞ്ചിറമഠത്തില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നും ആചാര അനുഷ്ഠാനങ്ങള്‍ നടത്താന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ സത്യാഗ്രഹം തുടങ്ങിയത്.
പുഷ്പാഞ്ജലി സ്വാമിയാര്‍ താമസിച്ചിരുന്നതും പൂജകള്‍ നടത്തിയിരുന്നതുമായ മൂഞ്ചിറ മഠം സേവാ ഭാരതി കൈയേറിയെന്നാണ് ആരോപണം. മഠം വിട്ടൊഴിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ ഉപവാസത്തിലായിരുന്നു. തന്റെ ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പുഷ്പാഞ്ജലി സ്വാമിയാര്‍ സത്യാഗ്രഹം തുടങ്ങിയത്. എന്നാല്‍, സന്ധ്യയോടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമരപന്തല്‍ പൊളിച്ചുമാറ്റി. സ്വാമിയാരുടെ കസേരയും കൊണ്ടുപോയി.
എന്നാല്‍ കെട്ടിടം വിട്ടുകൊടുക്കില്ലെന്നാണ് സേവാഭാരതി നേതൃത്വത്തിന്റെ നിലപാട്. കളക്ടറുടെ പ്രതിനിധിയുമായി നടത്തിയ ചര്‍ച്ചയില്‍ റോഡിലുള്ള സമരം ഒഴിവാക്കാമെന്ന് പുഷ്പാഞ്ജലി സ്വാമിയാര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് സുരക്ഷയോടെ അദ്ദേഹം കിഴക്കേമഠത്തിലേക്ക് പോയി. പ്രശ്നപരിഹരാത്തിനായി നാളെ കളക്ടര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തും. പടിഞ്ഞാറെ നടയ്ക്ക് സമീപം സത്യാഗ്രഹ പന്തല്‍ കെട്ടുന്നതിനെ സേവാഭാരതി എതിര്‍ത്തിരുന്നു.