ശബരിമലയില്‍ കയറാനെത്തിയ ദലിത് യുവതി മഞ്ജുവിന്റെ വീടിന് നേരെ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം. കേരള പട്ടികജാതി യുവമോര്‍ച്ചയുടെ പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി മഞ്ഡുവിന്റെ വീടിനെ ലക്ഷ്യമാക്കി എത്തിയത്. പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് ദലിത് മഹിള ഫെഡറേഷന്‍ നേതാവായ മഞ്ജു ശബരിമലയില്‍ പ്രവേശിക്കുന്നതിന് സുരക്ഷ നല്‍കണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചത്. പോലീസ് ആദ്യം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്‍മാറാന്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്നാണ് മഞ്ജുവിനെ മലകയറാന്‍ അവസരമൊരുക്കാം എന്ന് പോലീസ് അറിയിക്കുകയും മഞ്ജുവിന്റെ പശ്ചാത്തലം അന്വേഷിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.
നിലവില്‍ 12 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ പോലീസ് സുരക്ഷയൊരുക്കി സന്നിധാനത്തേയ്ക്ക് കൊണ്ട് പോകില്ലെന്ന് പോലീസ് വ്യക്തമാക്കി. മഞ്ജുവിന് സ്വന്തമായി പ്രതിഷേധം കവച്ചു വച്ച് പോകാനാകുമെങ്കില്‍ മല കയറാമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയായതിനാല്‍ മല കയറുന്നത് എളുപ്പമല്ല നാളെ മാത്രമേ ശബരിമലയില്‍ കയറാന്‍ കഴിയൂ എന്നും ഐജി ശ്രീജിത് വ്യക്തമാക്കി. മഞ്ജുവും ഇതിനോട് യോജിച്ചു എന്ന വിവരമാണ് ഐജി ശ്രീജിത് മാധ്യമങ്ങളോട് പറഞ്ഞത്.
ഇതേ സമയമാണ് മഞ്ജുവിന്റെ വീടിന് നേരെ പ്രതിഷേധവുമായി ആള്‍ക്കൂട്ടമെത്തിയത്. മഞ്ജുവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള വാഗ്വാദങ്ങള്‍ മുഴക്കുകയാണ് പ്രതിഷേധം നയിച്ചെത്തിയവര്‍ നടത്തിയത്. മഞ്ജു പങ്കെടുത്ത ക്രിമിനല്‍ കേസുകളെക്കുറിച്ചും അധിക്ഷേപ പരാമര്‍ശങ്ങളാണ് ഇവര്‍ ഉയര്‍ത്തിയത്. കേരള ദലിത് ഫെഡറേഷന്‍ എന്ന സംഘടന അവിശ്വാസികളുടെ സംഘടനയാണെന്നും സംഘടനയില്‍ പലരും മത പരിവര്‍ത്തനം ചെയ്ത് പോയവരാണെന്നും ആരോപണം ഉയര്‍ന്നു.