പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികൂടി അറസ്റ്റിൽ .കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായത്. തിരിച്ചറിയൽ പരേഡ് നടക്കാൻ ഉള്ളതിനാൽ പ്രതിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. അറസ്റ്റിലായ രണ്ട് പേരും പോപ്പുലർ ഫ്രണ്ട് ഭാരവാഹികളാണ്. നേരത്തെ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അഞ്ചുപേരടങ്ങിയ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുമായി തിരിച്ചറിയൽ പരേഡ് നടത്താനുള്ളതിനാൽ മറ്റു വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. റിമാന്റിലായ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. കേസിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള നാലു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് ഉണ്ടാവാനാണ് സാധ്യത.
അതേസമയം സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. തെളിവെടുപ്പിനുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിരുന്നു. കൃത്യം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്ന വ്യക്തിയാണ് ഇയാൾ.
ഇക്കഴിഞ്ഞ 15ാം തിയതി തിങ്കളാഴ്ചയാണ് സഞ്ജിത്തിന്‍റെ കൊലപാതകം നടന്നത്. ഭാര്യയുമായി ബൈക്കിൽ വരുമ്പോള്‍ തടഞ്ഞ് നിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി എസ്‍ഡിപിഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.