ആമിയുടെ വിവാഹത്തിന് വിപ്ലവാഭിവാദ്യം അര്‍പ്പിച്ച് വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രൂപേഷ്.

കൊച്ചി:മകള്‍ ആമിക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷ് വിയൂര്‍ ജയിലില്‍ നിന്നും കത്തയച്ചു. ആമി തന്നെയാണ് അച്ഛന്റെ കത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കത്തില്‍ ഭാര്യയും മാവോയിസ്റ്റ് നേതാവുമായ ഷൈനയുമായുള്ള കൂടിക്കാഴ്ചയും ആമിയുടെ ജനനവും വിപ്ലവ പ്രവര്‍ത്തനങ്ങളുമെല്ലാം രൂപേഷ് പരാമര്‍ശിക്കുന്നു. വിചാരണ തടങ്കലില്‍ കഴിയുന്നതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയും അച്ഛന്‍ പങ്കുവെയ്ക്കുന്നുണ്ട്.

കാനം രാജേന്ദ്രന്‍ അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന്റെയും ജനാധിപത്യ ശക്തികളുടേയും ശക്തമായ ഇടപെടലുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ആമിമോളെ കോയമ്പത്തുര്‍ കേസിലുള്‍പ്പെടുത്തി ഞങ്ങളോടൊപ്പം ജയിലിലടക്കുമായിരുന്നേനെയെന്നും രൂപേഷ് കത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രൂപേഷ് അയച്ച കത്തിന്റെ പൂര്‍ണരൂപം

1995 ആഗസ്റ്റ് 18 നാണ് ആമിമോളുടെ ജനനം. അതിനും മൂന്നുവര്‍ഷം മുമ്പുള്ള ഒരു വര്‍ഗ്ഗീസ് രക്തസാക്ഷിത്വത്തിനാണ് ഞാനും ഷൈനയും ഒന്നിച്ചു ജീവിക്കാന്‍ ആരംഭിച്ചത്. മുഴുനീള വിപ്ലവ പ്രവര്‍ത്തനം, അതിജീവനത്തിനായുള്ള കുഞ്ഞു കുഞ്ഞു ജോലികള്‍ ഇതിനിടയിലേക്കാണ് ആമിമോള്‍ കടന്നുവരുന്നത്. വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ തടസ്സമാകുമോ എന്ന ആധി അക്കാലത്ത് ഞങ്ങള്‍ക്കുണ്ടായിരുന്നു. ഉമ്മയോടൊപ്പമുണ്ടായിരുന്ന ചെറിയ ഇടവേളകള്‍ മാറ്റിവെച്ചാല്‍ അവള്‍ എല്ലായിടത്തും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.

സമരങ്ങള്‍, പൊതുപരിപാടികള്‍, യോഗങ്ങള്‍, സമ്മേളനങ്ങള്‍ അങ്ങനെ എല്ലാ ഇടങ്ങളിലും ഒരു വയസ്സുമുതല്‍ ഞങ്ങളോട് ഒട്ടിപ്പിടിച്ച് അവളുണ്ടായിരുന്നു. നെല്ലിയാമ്പതിയിലേയും പുല്‍പ്പള്ളിയിലേയും ഇരിട്ടിയിലേയും ആദിവാസി സമരങ്ങള്‍, വൈത്തിരിയിലെ തോട്ടം തൊഴിലാളികളുടെ മുന്നേറ്റങ്ങള്‍, വൈപ്പിന്‍ കര്‍ഷകരുടെ സമരങ്ങള്‍, തൃശ്ശൂരിലെ ഉള്‍നാടന്‍ മത്സ്യതൊഴിലാളി പ്രക്ഷോഭങ്ങള്‍ ഇവടങ്ങളിലെല്ലാം അവളുടെ നിറസാന്നിധ്യമുണ്ടായിരുന്നു. ഞങ്ങളുടെ നിയമപഠനങ്ങളും നഗരത്തിലെ വ്യവസായതൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളും അവളോടൊന്നിച്ചായിരുന്നു.

ഞങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി. പഠിച്ച കോളേജുകളില്‍ നിന്നും വേണ്ടത്ര ഹാജറില്ലാത്തതിനാല്‍ പുറത്താക്കപ്പെടുമ്പോഴും ഞങ്ങള്‍ക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ക്കായും എഴുതാന്‍ എഴുത്തുസാമഗ്രികള്‍ക്കും അവള്‍ ഓടി നടന്നു. അവസാനം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ജാമ്യത്തിലാണെങ്കിലും ഷൈനയുടെ വിമോചനത്തിനായി മറ്റു പലരോടുമൊപ്പം മുന്നില്‍ നിന്നു.

ഞങ്ങളുടെ ആമിമോള്‍ പുതുജീവിതത്തിലേക്ക് കടക്കുകയാണ്. ഇണയും തുണയുമായ ജീവിത പങ്കാളിയെ അവള്‍ തന്നെ കണ്ടെത്തിയിരിക്കുന്നു. ബാഗാളിലെ ദക്ഷിണ 24 പര്‍ഗാനയിലെ ശ്രീ. മദന്‍ ഗോപാലിന്റെയും ശ്രീമതി ടുള്‍ടുളിന്റെയും മകനായ സഖാവ് ഓര്‍ക്കോദീപാണ് അവളുടെ പങ്കാളിയാകാന്‍ പോകുന്നത്. ഒന്നിച്ചുള്ള ദീര്‍ഘകാലത്തെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം അറിയുന്നവരാണവര്‍. ഈ വരുന്ന മെയ് 19 ന് ഞായറാഴ്ചയാണ് ഒന്നിച്ചുള്ള ജീവിതമാരംഭിക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി വിചാരണ തടവില്‍ കഴിയുന്ന എനിക്ക് അവരോടൊപ്പം ഉണ്ടാകാന്‍ ഉണ്ടാകാന്‍ സാധിക്കുമോ എന്നറിയില്ല. അതിനാല്‍ നിങ്ങളുടെ മുന്‍കൈയിലാകട്ടെ അവരുടെ കൂടിചേരല്‍. അവരെ ആശംസിക്കാനും പുതുതലമുറയുടെ സ്വപ്നങ്ങളെ പിന്തുണക്കാനും സജീവമായി ഉണ്ടാകണം.

2019 ഏപ്രില്‍ 20
സ്‌നേഹാദരങ്ങളോടെ
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും
രൂപേഷ്

*ബംഗ്ലാ ഭാഷയില്‍ ഓര്‍ക്കോദീപ് എന്നാല്‍ സൂര്യപ്രകാശം എന്നാണത്രെ അര്‍ത്ഥം.

Top