ന്യൂഡല്‍ഹി: ശബരിമല ആചാരസംരക്ഷണത്തിന് സുപ്രീംകോടതി വിധി മറികടക്കാന്‍ ഉടന്‍ നിയമനിര്‍മാണത്തിനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്സഭയില്‍ ശശി തരൂര്‍ എം.പി.യുടെ ചോദ്യത്തിന് മറുപടി നല്‍കവേ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് നിലപാട് വ്യക്തമാക്കിയത്.
വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ നിയമ നിര്‍മാണം സാധ്യമല്ലെന്നും മന്ത്രി ലോക്സഭയില്‍ അറിയിച്ചു. ആചാരസംരക്ഷണത്തിന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി കഴിഞ്ഞ ദിവസം ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു. ആചാരങ്ങള്‍ നിലനിറുത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പ്രേമചന്ദ്രന്‍ അവതരിപ്പിച്ചത്.
ശബരിമലയില്‍ കഴിഞ്ഞ സപ്തംബര്‍ ഒന്നിനു മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്പെഷ്യല്‍ പ്രൊവിഷന്‍) ബില്‍ 2019. സഭ ഏകകണ്ഠമായാണ് ബില്ലിന് അവതരണാനുമതി നല്‍കിയത്. അതേസമയം, സ്വകാര്യബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാര സംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മാണം വേണമെന്നും ബി.ജെ.പി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെടുകയും ചെയ്തു.
ആചാരസംരക്ഷണത്തിന് ഭരണഘടനാ പരിരക്ഷ വേണം. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായ കണക്കാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ വേണമെന്നും ലേഖി പറഞ്ഞു. ബില്‍ ചര്‍ച്ചയ്‌ക്കെടുക്കണോയെന്ന് നറുക്കിട്ടെടുത്താണ് തീരുമാനിക്കുക. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും കഴിഞ്ഞ ലോക്‌സഭയുടെ അവസാന സമ്മേളനത്തില്‍ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നടപടിയുണ്ടായില്ല.
നിയമനിര്‍മാണം താല്‍പര്യപ്പെടുന്നതായി ബി.ജെ.പി പ്രകടനപത്രികയിലും ഉറപ്പു നല്‍കിയിരുന്നില്ല. പകരം, ശബരിമലയിലെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംബന്ധിച്ച വിഷയം സുപ്രീം കോടതിയില്‍ സമഗ്രമായി അവതരിപ്പിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കു ഭരണഘടനാപരമായ സംരക്ഷണത്തിനു ശ്രമിക്കുമെന്നുമാണ് പത്രികയില്‍ പറഞ്ഞിരുന്നത്.