തിരുവനന്തപുരം: ശബരിമല യുവതി പ്രവേശവും പിന്നാലെ നടക്കുന്ന അക്രമങ്ങളും വിവാദങ്ങളുമൊക്കെ തെരഞ്ഞെടുപ്പില്‍ നേട്ടമാക്കാനാണ് ബിജെപിയുടെ ശ്രമം. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പത്തനംതിട്ടയില്‍ തന്ത്രി കുടംബാംഗത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കങ്ങള്‍.
ശബരിമല പ്രക്ഷോഭം ഏറ്റവുമധികം ചലനമുണ്ടാക്കിയ പത്തനംതിട്ടയില്‍ തന്ത്രികുടുംബാംഗമായ ഒരു യുവാവിനെയാകും ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുക എന്നാണ് സൂചന. ഉന്നത ബിരുദധാരിയും സംസ്‌കൃതത്തില്‍ പാണ്ഡിത്യവുമുള്ള ഇദ്ദേഹം ആലുവ വെളിയത്തുനാട്ടില്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള തന്ത്ര വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഇതുവരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാത്ത ആളാണ് തന്ത്രി കുടുംബത്തിലെ ഈ യുവാവ്.
യുവതീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍. അതിനാല്‍ പത്തനംതിട്ടയില്‍ അതിനൊത്തൊരു സ്ഥാനാര്‍ത്ഥിയെ നിറുത്തിയാല്‍ വിജയിക്കാനാവുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ആ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയെ തേടിയുള്ള അന്വേഷണം തന്ത്രി കുടുംബത്തില്‍ എത്തി നില്‍ക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. യുവതീ പ്രവേശനത്തിനെതിരായി ഈ മണ്ഡലങ്ങളില്‍ ഉണ്ടായ ശക്തമായ ജനകീയാഭിപ്രായമാണ് ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നത്.