അക്രമികളെ പൂട്ടും!! പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ പോലീസ്; സിവില്‍ കേസില്‍ കുടുങ്ങും

ശബരിമലയില്‍ യുവതി പ്രവേശനം നടന്നതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേരളത്തിലാകമാനം നടന്ന വ്യാപക അക്രമത്തിലെ പ്രതികള്‍ പൂട്ടാന്‍ നടപടിയുമായി പോലീസ്. അക്രമികളില്‍ 90 ശതമാനം പേരും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇവര്‍ പൊതുമുതല്‍ നശിപ്പിക്കുന്നതുള്‍പ്പെടെ പലകേസിലുമായാണ് പ്രതിയായിരിക്കുന്നത്.

ഹര്‍ത്താലിനിടെ പൊലീസിനെ ആക്രമിച്ച പോലീസിലേക്ക് നേരിട്ട് നിയമനം കാത്തിരുന്ന യുവാവ് വരെയുണ്ട്. അക്രമികളെ നേരിടാനെത്തിയ പൊന്നാനി എസ്.ഐ. കെ. നൗഫലിന്റെ കൈയൊടിച്ച കേസിലാണ് പോലീസിലേക്ക് നേരിട്ട് നിയമനം കാത്തിരുന്ന ആരുണ്‍ കുമാര്‍ അറസ്റ്റിലായത്. കേസില്‍ പ്രതിയായ അരുണിന്റെ അച്ഛന്‍ പോലീസ് സര്‍വീസിലിരിക്കെ ഒരു വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവുപ്രകാരം പോലീസിലേക്ക് നേരിട്ട് അരുണിന് നിയമനം ലഭിക്കുമായിരുന്നു. എന്നാല്‍ കേസില്‍ പ്രതിയായതോടെ യുവാവിന്റെ പ്രതീക്ഷ നഷ്ടമായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊതുമുതല്‍ നശിപ്പിച്ച കേസില്‍ അറസ്റ്റു ചെയ്താല്‍ നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രമേ ജാമ്യം കിട്ടൂ. അതുകൊണ്ട് തന്നെ ഇത്തവണ ശബരിമലയുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ പൊതുമുതലുകള്‍ക്ക് വലിയ കേടുപാടുകളുണ്ടായില്ല. പ്രത്യേകിച്ച് കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ ഒറ്റപ്പെട്ട അക്രമങ്ങള്‍ മാത്രമാണ് നടന്നത്. ജാമ്യത്തുകയുടെ പ്രതിസന്ധി തിരിച്ചറിഞ്ഞായിരുന്നു ഇത്. എന്നാല്‍ അക്രമത്തിനിടെയില്‍ നാശനഷ്ടങ്ങള്‍ വരുത്താതിരിക്കാന്‍ അണികള്‍ക്കുമാകില്ല. അതുകൊണ്ട് തന്നെ അവര്‍ നശിപ്പിച്ചതെല്ലാം സ്വകാര്യ വ്യക്തികളുടെ സ്ഥാപനങ്ങളും വസ്തുക്കളുമായിരുന്നു. ഇവിടെ പൊതുമുതല്‍ നശിപ്പിച്ച കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് ചുമത്താന്‍ കഴിയുകയുമില്ല. അതിനാല്‍ പുതുയ തന്ത്രത്തിലൂടെ ഇവരെട കുടുക്കുകയാണ് പൊലീസ്.

ഹര്‍ത്താല്‍ ദിനത്തില്‍ സ്വകാര്യ വസ്തുവകകള്‍ നശിപ്പിച്ച കേസുകളില്‍ പ്രതികളുടെ സ്വത്തു കണ്ടുകെട്ടാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിനുള്ള നിര്‍ദ്ദേശം പൊലീസ് ആസ്ഥാനത്തുനിന്നു ജില്ലാ പൊലീസ് മേധാവികള്‍ക്കു നല്‍കി കഴിഞ്ഞു. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പരാതിക്കാരെക്കൊണ്ടു സിവില്‍ കേസ് കൂടി കൊടുപ്പിക്കാനാണു തീരുമാനം. ഇതിനകം തന്നെ ഇരുനൂറിലേറെ കേസുകളിലായി ഏകദേശം 4000 പ്രതികളുണ്ട്. ഇവരെ കുടുക്കാനാണ് പുതിയ തന്ത്രവുമായി പൊലീസ് എത്തുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഈ ബുദ്ധിക്ക് പിന്നില്‍. എന്തുവന്നാലും അറസ്റ്റിലാവര്‍ക്ക് തക്കതായ പണി കൊടുക്കാനാണ് തീരുമാനം. ഇതോടെ ഹര്‍ത്താല്‍ ദിനത്തിലെ അക്രമകള്‍ക്ക് അറുതി വരുമെന്നും പൊലീസ് വിലയിരുത്തുന്നുണ്ട്.

കരുതലോടെയാണ് ഇത്തവണ ഹര്‍ത്താല്‍ അനുകൂലികള്‍ പെരുമാറിയത്. സര്‍ക്കാര്‍ വസ്തുക്കള്‍ക്ക് നേരെ ആക്രണമം മനപ്പൂര്‍വ്വം ഒഴിവാക്കി. അതുകൊണ്ട് തന്നെ പൊതുമുതല്‍ നശീകരണ നിയമപ്രകാരം അറസ്റ്റിലായവര്‍ നിലവില്‍ കുറവാണ്. അറസ്റ്റിലായവരില്‍ ഭൂരിപക്ഷവും ജാമ്യത്തിലിറങ്ങി. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ സ്വകാര്യ വ്യക്തികളുടെ വാഹനങ്ങള്‍, ഓഫിസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഇവ പൊതുമുതല്‍ അല്ലാത്തതിനാല്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനല്ലാതെ പൊതുമുതല്‍ നശീകരണ നിരോധനനിയമം ചുമത്താന്‍ കഴിയില്ല. അതുകൊണ്ടാണ് ജാമ്യം കിട്ടുന്നത്. ഈ സാഹചര്യത്തിലാണ് സ്വത്ത് കണ്ടെത്താനുള്ള നീക്കം. എന്നാല്‍ അറസ്റ്റിലായ പലരും സ്വന്തം പേരില്‍ സ്വത്തില്ലാത്തവരാണ്. എങ്കിലും ഇവരെ സിവില്‍ കേസില്‍ കുടുക്കി പ്രതിസന്ധിയിലാക്കാനാണ് നീക്കം.

പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉള്ളതിനാല്‍ സിവില്‍ കേസ് കൂടി വന്നാല്‍ സ്വത്തു കണ്ടുകെട്ടുന്ന നടപടി ആരംഭിക്കും. ഹര്‍ത്താലിന് അക്രമം കാണിക്കുന്നവരുടെയും പൊതുമുതല്‍ നശിപ്പിക്കുന്നവരുടെയും സ്വത്തു കണ്ടുകെട്ടുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വത്ത് നഷ്ടമായവരെ കൊണ്ട് സിവില്‍ കേസ് കൊടുക്കുന്നത്. സ്വകാര്യ വ്യക്തികളെ കൊണ്ട ്കേസ് കൊടുപ്പിക്കാനും പൊലീസ് തന്നെ മുന്‍കൈയെടുക്കുന്നുണ്ട്. ഇവര്‍ക്ക് നിയമ സഹായം ഉള്‍പ്പെടെ നല്‍കും. പൊലീസ് റിപ്പോര്‍ട്ടും അതിവാഗം കൊടുക്കും. ഇതിലൂടെ സിവില്‍ കേസില്‍ കോടതി വിധി അതിവേഗമാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇത്തരത്തില്‍ നിയമ നടപടി തുടങ്ങുന്നതോടെ അക്രമങ്ങള്‍ക്കിറങ്ങുന്നവര്‍ സ്വകാര്യ വാഹനങ്ങളും വസ്തുക്കളും അടിച്ചു തകര്‍ക്കുന്നത് നിര്‍ത്തുമെന്നും പൊലീസ് കരുതുന്നു.

ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായി തെരുവില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ കലാപ ആഹ്വാനത്തിനും കേസെടുത്തു. കോഴിക്കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. ഇവിടേയും പൊതുമുതല്‍ നശീകരണ കേസ് എടുക്കാന്‍ പൊലീസിന് കഴിയില്ല. അതുകൊണ്ടാണ് പ്രതികളെ കുടുക്കാന്‍ കലാപാഹ്വാനം ചുമത്തുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ മിഠായി തെരുവിലെത്തിയ ഒരു കൂട്ടം അക്രമി സംഘം ഒരു മതവിഭാഗത്തിനെതിരെ ഭീഷണിയും വിദ്വേഷ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു. ഇവിടെ തുറന്ന കടകള്‍ക്ക് നേരേയും സംഘത്തിന്റെ ആക്രമണമുണ്ടായി. നിലവില്‍ 27 പേരാണ് അറസ്റ്റിലായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നൂറോളം പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. മതസ്പര്‍ധ വളര്‍ത്തുക, കലാപ ആഹ്വാനം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് മറ്റു വകുപ്പുകള്‍ക്കൊപ്പം ഇവര്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്.

അതേസമയം പ്രതികളെ ഉടന്‍ പിടികൂടണമെന്നു ഡിജിപി ആവര്‍ത്തിച്ചു നിര്‍ദ്ദേശിച്ചിട്ടും പ്രാദേശിക തലത്തില്‍ അത് നടപ്പാക്കുന്നില്ല. ഹര്‍ത്താലിനു മുന്‍പ് കരുതല്‍ അറസ്റ്റിനായി നല്‍കിയ പട്ടികയിലുള്ളവരെപ്പോലും പിടികൂടിയില്ലെന്നും ആക്ഷേപമുണ്ട്. അക്രമികളുടെ ഫോട്ടോ ആല്‍ബം തയാറായില്ലെന്നും മിക്കവരും ഒളിവില്‍ പോയെന്നുമാണ് അറസ്റ്റ് വൈകുന്നതിനു ജില്ലാ പൊലീസ് മേധാവികള്‍ പറയുന്ന കാരണങ്ങള്‍. അയ്യായിരത്തോളം പേരെ മകരവിളക്കു ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നതിനാല്‍ ആവശ്യത്തിന് ആളുമില്ല. ഇത് ഡിജിപിയെ ചൊടിപ്പിച്ചിട്ടുണ്ട്. പൊലീസിലെ അയ്യപ്പഭക്തര്‍ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നുവെന്ന വിലയിരുത്തലുമുണ്ട്.

Top