പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്കായി ഇന്ന് നട തുറക്കാനിരിക്കെ സന്നിധാനത്തും ശബരിമലയിലും നിലയ്ക്കലിലും കൂടുതല്‍ സന്നാഹങ്ങള്‍ പോലീസ് ഒരുക്കിയിട്ടുണ്ട്. എങ്കിലും മതിയായ സൗകര്യങ്ങളില്ലാതെ വലയുകയാണ് അയ്യപ്പന്മാര്‍. കുടിവെള്ളമോ ആഹാരമോ അയ്യപ്പന്മാര്‍ക്ക് മതിയായ അളവില്‍ ലഭിക്കുന്നില്ല. പമ്പയിലാണ് ഏറ്റവും മോശമായ അവസ്ഥ. ഇതിനിടയില്‍ കഴിഞ്ഞ രണ്ട് മണിക്കൂറായി പമ്പയിലും പരിസരത്തും കനത്ത മഴയാണ്.
ഇന്ന് ഉച്ച മുതല്‍ അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടും. എന്നാല്‍ രാവിലെ ആയിട്ടും പമ്പയിലെ ശുചിമുറികളില്‍ വെള്ളം പോലും ലഭ്യമായിട്ടില്ല. കുടിവെള്ളവും കിട്ടാത്ത അവസ്ഥയില്‍ സര്‍ക്കാര്‍ മതിയായ സൗകര്യം ഒരുക്കിയില്ലെന്നാണ് പരാതി ഉയരുന്നത്. ലപമ്പാ നദിയില്‍ വെള്ളം കുറഞ്ഞതിനാല്‍ നദിയില്‍ കുളിക്കാനും തീര്‍ത്ഥാടകര്‍ക്ക് കഴിയുന്നില്ല.
അതിനിടെ പമ്പാ ഗണപതിക്ഷേത്രത്തിന് മുന്നില്‍ വിരി വെയ്ക്കാന്‍ അനുവദിക്കാതെ ഇരുനൂറിലധികം പേരെ പോലീസ് നിര്‍ബ്ബന്ധിതമായി ഒഴിപ്പിച്ചു. ഇവരോട് ഉടന്‍ മണല്‍പ്പുറത്തേക്ക് മടങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. മാറാന്‍ തയ്യാറാകാതെ ഭജനം തുടങ്ങിയ ഇവരെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്. അഞ്ചു ദിവസം മുമ്പ് കെഎസ്ആര്‍ടിസി ബസില്‍ എത്തിയ ആന്ധ്രയില്‍ നിന്നുള്ളവരാണ് ഇവര്‍.