കൊല്ലം: കഴിഞ്ഞ 5 വർഷത്തോളമായി മട്ടുപ്പാവ് കൃഷിയുടെ അപ്രഖ്യാപിത ബ്രാൻഡ് അംബാസിഡർ ആയി കൊല്ലം നഗരത്തിൽ അറിയപ്പെടുന്ന സജിതാനന്ദ് ടീച്ചർ ഇനി പൊതു പ്രവർത്തനത്തിലും സജീവമാകും. എത്ര പരിമിതമായ സ്ഥലത്തും മനസ്സുവെച്ചാൽ ഏതുകൃഷിയും ചെയ്യാം എന്നു തെളിയിച്ച സജിത ടീച്ചർ ഏറെക്കാലമായി മട്ടുപ്പാവ് കൃഷി ആരംഭിക്കാൻ തയ്യാറെടുക്കുന്നവർക്ക് എല്ലാവിധ സഹായങ്ങളും നൽകി പ്രോത്സാഹിപ്പിക്കാൻ മുൻ നിരയിൽ തന്നെയുണ്ട്. ഒരു ഹോബി എന്നു നിലയിൽ തുടങ്ങിയ കൃഷി ടീച്ചർക്ക് ഇന്നൊരു പാഷനായി മാറിയിരിക്കുകയാണ്. ഒട്ടുമിക്ക പച്ചക്കറികളും ടീച്ചറുടെ മട്ടുപ്പാവിൽ ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയ്യുന്നുണ്ട്. സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കി സമൂഹത്തിലെ അശരണരായ ആളുകളിൽ എത്തിക്കാനും ഈ അദ്ധ്യാപിക സമയം കണ്ടെത്തുന്നു. മലയാളം ഐച്ഛിക വിഷയമായെടുത്ത് ബിരുദാനന്തര ബിരുദവും, B.ed ഉം Set ഉം നേടിയ സജിത ടീച്ചർ മുൻപ് കുണ്ടറ MGDM ഹൈസ്കൂളിലെ അധ്യാപികയായിരുന്നു.
കൊല്ലം കോർപറേഷനിലെ പതിനാലാം വാർഡിൽ നിന്നും ഭാരതീയ ജനതാപാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് സജിത ടീച്ചർ ജനവിധി തേടുന്നത്. സജിത ടീച്ചറെപ്പോലെ സാധാരണക്കാരുടെ മനസ്സിൽ സ്ഥാനമുള്ള ഒരു സ്ഥാനാർത്ഥിയെ ഇവിടെ മത്സരിപ്പിക്കാൻ സാധിക്കുന്നതിൽ പാർട്ടിയും അനുഭാവികളും ഏറെ സന്തുഷ്ടരാണെന്നും ഈ വാർഡിലെ സ്ഥിരതാമസക്കാരിയും വോട്ടറുമായ ടീച്ചർക്ക് ഈ വാർഡിനെക്കുറിച്ചും ഇവിടെ നടപ്പാക്കേണ്ട വികസനത്തെക്കുറിച്ചും വ്യക്തമായ ആശയങ്ങളും അവ നടപ്പിലാക്കാനുള്ള കഴിവും ഉണ്ടെന്നും ടീച്ചറുടെ ഇലക്ഷൻ കോർഡിനേറ്ററായ വിനു നമ്പാരത്ത് ഡെയിലി ഇന്ത്യൻ ഹെറാൾഡിനോട് വ്യക്തമാക്കി.