ഡെറാഡൂണ്‍: ബിജെപി എംഎല്‍എ ഗണേഷ് ജോഷി കാല്‍ തല്ലിയൊടിച്ചൂവെന്ന ആരോപണം ചെറിയ രീതിയിലൊന്നുമല്ല വിവാദമായത്. ഗുരുതരമായി പരിക്കേറ്റ ശക്തിമാന്‍ എന്ന കുതിര സുഖപ്പെട്ടുവെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍, പരിക്കേറ്റ പോലീസിന്റെ ശക്തിമാന്‍ എന്ന കുതിര ചത്തു. മിണ്ടാ പ്രാണിയായ കുതിരയെ എംഎല്‍എ ഉപദ്രവിച്ചത് പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.
കൃത്രിമക്കാല്‍ വെച്ചിരുന്നെങ്കിലും അണുബാധ മൂലം കുതിരയുടെ അവസ്ഥ മോശമായിരുന്നുവെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ട്. 14 വയസുള്ള കുതിരയുടെ കൃത്രിമക്കാലില്‍ ഭാരം താങ്ങാനാകാതെ വന്നതും മരണകാരണമായി. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന സമരം പൊലീസ് തടഞ്ഞപ്പോഴാണ് എംഎല്‍എ ഗണേഷ് ജോഷി, കുതിരയുടെ കാല്‍ തല്ലിയൊടിച്ചത്. എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
മാര്‍ച്ച് 14നായിരുന്നു സംഭവം. യുഎസില്‍ നിന്നെത്തിച്ച കൃത്രിമ കാലിനോട് പതിമൂന്നു വയസ്സുകാരനായ കുതിരയുടെ ശരീരം പ്രതികരിച്ചില്ല. ഡെറാഡൂണിലെ പൊലീസ് കേന്ദ്രത്തിലാണ് ശക്തിമാനെ പരിചരിച്ചത്.