സലിം കുമാറിന്റെ നടന വൈഭവത്തിനും ഹാസ്യം കൈകാര്യം ചെയ്യാനുള്ള പ്രത്യേക പാടവത്തിനും പ്രത്യേകം അഭിനന്ദനവും ഉപഹാരവുമായി എത്തിയിരിക്കുകയാണ് ഗ്രേഡി ലോംഗ് എന്ന വിദേശിയായ സംഗീതഞ്ജന്‍. കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ സലിം കുമാര്‍ പാടിയ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നു തുടങ്ങുന്ന ഗാനം പാടി ഗ്രേഡി സലിം കുമാറിനോടുള്ള തന്റെ ആരാധന പ്രകടമാക്കുകയും ചെയ്തു. ഇന്ത്യയിലെത്തിയ ഗ്രേഡി സലിം കുമാര്‍ അഭിനയിച്ചിട്ടുള്ള കഥ പറയുമ്പോള്‍ എന്ന ചിത്രം കാണുകയും അദ്ദേഹത്തിന്റെ ആരാധകനായി മാറുകയുമായിരുന്നു.
പിന്നീട്, ഹരിശ്രീ അശോകന്‍ സംവിധാനം ചെയ്യുന്ന ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന സിനിമയില്‍ ഗ്രേഡിയ്ക്ക് അഭിനയിക്കാനും അവസരം ലഭിച്ചു. ചിത്രത്തിന്റെ ഡബ്ബിംഗ് നിര്‍വഹിക്കാന്‍ സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് ഗ്രേഡി സലിം കുമാറിനെ കാണുകയും, തന്റെ ഇഷ്ടം ‘വ്യത്യസ്തനാമൊരു ബാലന്‍’ എന്ന ഗാനത്തിലൂടെ അറിയിക്കുകയും ചെയ്തത്. സംഗീതത്തിനു ഭാഷ പ്രശ്‌നമല്ലെന്ന് തന്റെ പാട്ടില്‍ നിന്നും തെളിയിച്ച ഗ്രേഡി തന്റെ വീഡിയോ സലിം കുമാര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തതിന്റെ സന്തോഷത്തിലാണ്.
ഇരുവരും അഭിനയിച്ച ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി ‘ ഫെബ്രുവരിയില്‍ തിയറ്ററുകളില്‍ എത്തും മെജോ ജോസഫിന്റെ ‘വാരിക്കുഴിയിലെ കൊലപാതക’ത്തില്‍ ഗ്രേഡി പാടുകയും മലയാള സിനിമയില്‍ പാടുന്ന ആദ്യ വിദേശി എന്ന ക്രെഡിറ്റ് നേടുകയും ചെയ്തിരുന്നു.