കൊച്ചി:സർക്കാരുകൾ നൽകിയ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് സംസ്ഥാനത്ത് പള്ളികൾ തുറന്ന് പ്രവർത്തിക്കാമെന്ന് സമസ്‌ത. നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയാത്ത പ്രദേശങ്ങളിലെ പള്ളികളിൽ നിലവിലെ അവസ്ഥ തുടരാനും സമസ്‌ത നിർദ്ദേശം നൽകി.ലോക്ക്ഡൗണിൽ അടഞ്ഞു കിടന്നിരുന്ന ആരാധനാലയങ്ങൾക്ക് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയിരുന്നു. കർശന നിയന്ത്രണങ്ങളോടെയാണ് പള്ളികളിൽ പ്രാർത്ഥനകൾക്ക് ഇളവ് അനുവദിച്ചത്. ഈ സാഹചര്യത്തിലാണ് ഇരു സർക്കാരുകളും സമസ്തയും നൽകിയ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ട് പ്രവർത്തിക്കാൻ കഴിയുന്ന പള്ളികൾ തുറക്കണമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവനയിലൂടെ പള്ളികൾക്ക് നിർദ്ദേശങ്ങൾ നൽകിയത്. വ്യവസ്ഥകൾ ഒരു നിലക്കും പാലിക്കാൻ കഴിയാത്ത പ്രദേശങ്ങളിലെ പള്ളികളിൽ നിലവിലെ അവസ്ഥ തുടരാവുന്നതാണെന്നും പ്രസ്താവനയിൽ അറിയിച്ചു.
പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് പള്ളികൾ തുറക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത്. ഇതിനായി മഹല്ല് കമ്മിറ്റികളെ ചുമതലപ്പെടുത്തി കൊണ്ട് സമസ്ത അറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ പള്ളികൾ ഒന്നും തുറക്കേണ്ടതില്ലെന്ന് മലപ്പുറം മുസ്ലീം കോർഡിനേഷൻ കമ്മിറ്റി ചെയർമാന് സ്വാദിഖലി ശിഹാബ് കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഈ നിർദ്ദേശം തള്ളിയാണ് സമസ്ത വിശദീകരണ കുറിപ്പ് ഇറക്കിയത്.
സംസ്ഥാനത്ത് പലയിടങ്ങളിലും മുസ്ലിം പള്ളികൾ തുറക്കേണ്ടെന്നാണ് തീരുമാനം. എറണാകുളത്തെ മുസ്ലിം പള്ളികൾ ഉടൻ തുറക്കില്ല. തിരുവനന്തപുരം പാളയം ജുമാ മസ്ജിദും, കോഴിക്കോട് മൊയ്തീൻ പള്ളി, നടക്കാവ് പുതിയ പള്ളി, കണ്ണൂരിലെ അബ്‌റാർ മസ്ജിദ് തുടങ്ങിയവരും ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു.