അമേരിക്കയില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നു !!രണ്ടാഴ്ച കഷ്ടകാലം, ഇന്നലെ മാത്രം 518 മരണം

വാഷിങ്ടണ്‍: അമേരിക്കക്ക് വരുന്ന രണ്ടാഴ്ച കഷ്ടകാലത്തിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കാലയളവില്‍ കണക്കാക്കാന്‍ പറ്റാത്ത അത്ര ആളുകള്‍ മരിക്കും. കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഏപ്രില്‍ 30 വരെ നീട്ടുന്നതായും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം മാത്രം അമേരിക്കയില്‍ 518 പേരാണ് കൊറോണ മൂലം മരിച്ചത്. ശനിയാഴ്ച 452 ആയിരുന്നു. ഓരോ ദിവസവും മരണം കൂടി വരികയാണ്. ഈ സാഹചര്യത്തിലാണ് അടുത്ത രണ്ടാഴ്ച്ചക്കകം അമേരിക്കയില്‍ മരണം ഏറ്റവും ഉയര്‍ന്ന അളവിലെത്തുമെന്ന് ട്രംപ് പറഞ്ഞത്. വന്‍ പ്രതിസന്ധിയാണ് അമേരിക്ക നേരിടുന്നത്.

രണ്ടാഴ്ച കഴിഞ്ഞാല്‍ പിന്നീട് മരണം കുറയും. രാജ്യം ഒരു യുദ്ധത്തിലാണ്. കൊറോണക്കെതിരായ യുദ്ധം. യുദ്ധം ജയിക്കുന്നതിന് മുമ്പ് വിജയം പ്രഖ്യാപിക്കാന്‍ സാധിക്കില്ല. അതിനിടെ പല നഷ്ടങ്ങളും സംഭവിക്കും. ജൂണ്‍ ഒന്ന് ആകുമ്പോഴേക്കും കൊറോണ വൈറസ് ഭീതി അകലുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. വലിയ പലതും സംഭവിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


ഞായറാഴ്ച വരെയുള്ള കണക്ക് പ്രകാരം അമേരിക്കയില്‍ 2460 പേരാണ് മരിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒട്ടേറെ പേര്‍ അമേരിക്കയില്‍ രോഗം മൂലം മരിക്കുകയാണ്. മരണ നിരക്ക് വര്‍ധിച്ചത് അമേരിക്കന്‍ ഭരണകൂടത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രോഗ ബാധിതരുടെ എണ്ണം 140000 ആയി ഉയര്‍ന്നു. ഇതോടെ മരണം ഇനിയും വര്‍ധിച്ചേക്കാമെന്ന ആശങ്ക പരന്നു.

2661 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ടെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം അമേരിക്കയാണ്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ഇറ്റലിയേക്കാള്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്.

Top