ഇന്ത്യയിൽ 38 മരണം,​ രോഗബാധിതർ 1300 കടന്നു:നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത കൂടുതൽ പേർക്ക് കൊറോണ.ലോകത്ത് 38,748 മരണം

ന്യൂഡൽഹി: കൊറോണ വെെറസ് ബാധിച്ച് ഇന്ത്യയിൽ മരണം 38 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1300 ആയി ഉയർന്നു. തമിഴ്നാട്ടിൽ ഇന്ന് ഏഴ് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ 74 പേർക്കാണ് തമിഴ്നാട്ടിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാന്‍, ഹരിയാന, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജസ്ഥാനില്‍ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 83 ആയി. ഇറാനിൽ നിന്ന് തിരിച്ചെത്തിയ ഏഴ് പേർക്ക് കൂടി സ്ഥിരീകരിച്ചതോടെയാണിത്. കേരളത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഇതുവരെ സംസ്ഥാനത്ത് 213 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 230 പേർക്കും രോഗബാധ സ്ഥിരീകരിച്ചു.

 

രാജ്യത്ത് കൊറോണ ബാധിച്ച് 11 പേര്‍ ഇന്നലെ മാത്രം മരിച്ചു. ഇതില്‍ ആറു പേര്‍ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇന്തൊനീഷ്യയിൽ നിന്നു വന്ന 11 പേർ ഹൈദരാബാദിൽ നിന്ന് കൊറോണ സ്ഥിരീകരിച്ചു. ആൻഡമാനിൽ നിന്നു വന്ന ആറു പേരും മടങ്ങിയപ്പോൾ കൊറോണ സ്ഥിരീകരിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത ആറു തെലങ്കാന സ്വദേശികൾ രോഗം ബാധിച്ച് മരിച്ചിരുന്നു. സമ്മേളനത്തിൽ പ‌ങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഡോ.എം.സലിം മരിച്ചു. പത്തനംതിട്ട അമീർ ആയ സലിം കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിലാണു മരിച്ചത്. ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. കൊറോണ സ്ഥിരീകരിച്ചിട്ടില്ല.

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത ഒട്ടനേകം പേരില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഇതോടെ സമ്മേളനത്തില്‍ പങ്കെടുത്ത മറ്റുള്ളവരുടെ വിവരങ്ങളും റൂട്ട് മാപ്പും ശേഖരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. അതേസമയം,​ സമൂഹ വ്യാപന ഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നാണ്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അടുത്ത മാസം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന തരത്തില്‍ പ്രചരിച്ച സമൂഹമാദ്ധ്യമ സന്ദേശം വ്യാജമാണെന്ന് ഇന്ത്യന്‍ സൈന്യവും അറിയിച്ചു.

Top