
മലപ്പുറം: കേരളത്തിലെ മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും വോട്ട് ബാങ്കിന്റെ അടിത്തറ ഇളക്കുന്ന നീക്കമാണ് സമസ്തയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് .ലീഗ് സംസ്‌ഥാന അധ്യക്ഷന്‍ ഭാരവാഹിയായ സംഘടനയായ സമസ്ത പിണറായി വിജയനെ പിന്തുണക്കുകയാണ് .പിണറായിയെ രക്ഷകനായിട്ടാണ് സമസ്ത ചിത്രീകരിക്കുന്നത് .ജമാഅത്ത് ഇസ്ലാമിയോടുള്ള നിലപാടില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച്, മുസ്ലിംലീഗ് സംസ്‌ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വൈസ് പ്രസിഡന്റായുള്ള ഇ.കെ. വിഭാഗം സമസ്‌ത രംഗത്ത് എത്തിപ്പോയിരിക്കയാണ് . ജമാഅത്തെ ഇസ്ലാമിയുമായി ധാരണയിലെത്താനുള്ള യു.ഡി.എഫ്. നീക്കത്തിനെതിരേ കേരളത്തിലെ പ്രബല മതസംഘടനയും ലീഗിന്റെ വോട്ടുബാങ്കുമായ സമസ്‌തക്കുള്ളില്‍നിന്നു ശക്‌തമായ എതിര്‍പ്പാണുയരുന്നത്.
മുസ്ലിം സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് സമസ്‌ത ആഗ്രഹിക്കുന്നത്. മതരാഷ്‌ട്രവാദം ഉന്നയിക്കുന്നവരാണു ജമാഅത്ത് ഇസ്ലാമിയെന്നും അവരെ കൂട്ടുപിടിച്ചാല്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ എതിര്‍ക്കുമെന്നും സമസ്‌ത മുശവറ അംഗം ഉമര്‍ ഫൈസി വ്യക്‌തമാക്കി. പോരായ്‌മയുണ്ടെങ്കിലും പിണറായി സര്‍ക്കാരില്‍ സംതൃപ്‌തിയുണ്ടെന്നും ഉമര്‍ ഫൈസി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളപര്യടനത്തിന്റെ ഭാഗമായി മുസ്ലിം സമുദായ സംഘടനകളുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്‌തമാക്കിയത്. മുഖ്യമന്ത്രിയുടെ കേരള പര്യടനപരിപാടിയില്‍നിന്ന് ജമാഅത്തിനെ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണയ്‌ക്കുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി-യു.ഡി.എഫ്.-മുസ്ലിംലീഗ് നീക്കുപോക്കിനെതിരേ സമസ്‌ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നേരത്തേ രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗ് രാഷ്‌ട്രീയ പാര്‍ട്ടിയാണെന്നും അതിനാല്‍ അക്കാര്യങ്ങളില്‍ ഇടപെടില്ലെന്നും പറഞ്ഞ അദ്ദേഹം, സഖ്യത്തിന്റെ ഗുണം അനുഭവിക്കുന്ന ലീഗ് തന്നെ അതിന്റെ ദോഷവും അനുഭവിക്കേണ്ടിവരുമെന്നും വ്യക്‌തമാക്കിയിരുന്നു. സഖ്യത്തിലെ തകരാര്‍ ജനം ചൂണ്ടിക്കാട്ടിയാല്‍ മറുപടി പറയാന്‍ ലീഗിന് കഴിയണം. അതുകൊണ്ടുതന്നെ സഖ്യത്തെക്കുറിച്ച് ആക്ഷേപം ഉയര്‍ന്നാല്‍ തരണം ചെയേ്ണ്ടതേും ലീഗ് തന്നെയാണ്. മുസ്ലിം രാഷ്‌ട്രം ഇന്ത്യയില്‍ പറ്റില്ല. അതുകൊണ്ടുതന്നെ മതസംഘടന എന്ന നിലയില്‍ ജമാഅത്തെയോട് സമസ്‌തയ്‌ക്ക് എതിര്‍പ്പുണ്ടെന്നും മുത്തുകോയ തങ്ങള്‍ വ്യക്‌തമാക്കി.
സമസ്‌ത ഈ നിലപാട് എടുക്കുമ്പോഴും മുസ്ലിം ലീഗിന്റെ സംസ്‌ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സമസ്‌തയുടെ വൈസ് പ്രസിഡന്റ് എന്ന കൗതുകം നിലനില്‍ക്കുന്നു.യു.ഡി.എഫിന്റെ വോട്ടുബാങ്കായ സമസ്‌ത, അടുത്തിടെയായി ഫാസിസ്‌റ്റ് ശക്‌തികള്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന ശക്‌തമായ നിലപാടുകളില്‍ അഭിനന്ദനവും യു.ഡി.എഫ്. എടുക്കുന്ന പല നിലപാടുകളിലും അതൃപ്‌തിയും അറിയിച്ചിരുന്നു. വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌കൂടി മുന്നില്‍ക്കണ്ടു നടത്തുന്ന ചര്‍ച്ചകള്‍ സമസ്‌തയില്‍നിന്നുള്ള വോട്ട്‌ചോര്‍ത്തുമോ എന്ന് ലീഗ് സംശയിക്കുന്നുണ്ട്. അതിനാല്‍ അടിയന്തരമായി സമസ്‌ത നേതാക്കളുമായി ചര്‍ച്ച നടത്താനും ലീഗില്‍ നീക്കമുണ്ട്.