മുംബൈ: അനധികൃതമായി ആയുധം കൈവശംവച്ച കേസില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ്ദത്ത് ജയില്‍മോചിതനായി.. യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍നിന്ന് രാവിലെ 8:42 ഓടെ ദത്ത് പുറത്തിറങ്ങി. ദത്തിന്റെ ഭാര്യ മാന്യത, സഹോദരി പ്രിയ ദത്ത് അടക്കമുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ജൂണ്‍ പകുതിയോടെ അവസാനിക്കേണ്ട ജയില്‍വാസം ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് 103 ദിവസം നേരത്തെ മോചിപ്പിച്ചത്.
ശിക്ഷാകാലയളവിനിടയില്‍ നാല് മാസത്തോളം പരോള്‍പ്രകാരം അദ്ദേഹം ജയിലിന് പുറത്തായിരുന്നു. ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചശേഷം ബാക്കിയായ 450 രൂപയുമായാണ് അദ്ദേഹം ജയിലിന്റെ പടിയിറങ്ങിയത്. ജയിലിന് പുറത്ത് ഒരുവിഭാഗം ആളുകള്‍ ദത്തിനെ മോചിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയിരുന്നു. അവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ദത്തിനെ പുറത്തേക്ക് എത്തിച്ചത്.
അതിനിടെ സഞ്ജയ്ദത്തിന്റെ മോചനത്തെ ചോദ്യംചെയ്ത് പ്രദീപ് ഭാലേകര്‍ സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതിയില്‍ ഇന്ന് പരിഗണിച്ചേക്കും. ദത്ത് ശിക്ഷാകാലാവധി തികച്ചിട്ടില്ലെന്നും നല്ലനടപ്പിന്റെ പേരുപറഞ്ഞ് ഇളവ് അനുവദിക്കുകയായിരുന്നെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കടലാസ് ബാഗും മറ്റും നിര്‍മ്മിച്ചതിലൂടെ സഞ്ജയ് ദത്ത് 38,000 രൂപ സമ്പാദിച്ചതായി ജയിലധികൃതര്‍ അറിയിച്ചു.