തകര്‍പ്പന്‍ സെഞ്ചുറിയുമായി കളം നിറഞ്ഞ മലയാളി താരം സഞ്ജു സാംസന്റെ മികവില്‍ പുണെയ്‌ക്കെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് മികച്ച സ്‌കോര്‍. ഐപിഎലിലെ തന്റെ കന്നി സെഞ്ചുറി കുറിച്ച സഞ്ജുവിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടിയത് സീസണിലെ ഉയര്‍ന്ന സ്‌കോറായ 205 റണ്‍സ്. 62 പന്തില്‍ എട്ടു ബൗണ്ടറിയും അഞ്ചു പടുകൂറ്റന്‍ സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സ!ഞ്ജുവിന്റെ ഇന്നിങ്‌സ്. ഐപിഎലില്‍ സഞ്ജുവിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടേത് മോശം തുടക്കമായിരുന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ പുണെ ബോളർമാരെ നേരിടാൻ ഡൽഹി ഓപ്പണർമാരായ ആദിത്യ താരെയും സാം ബില്ലിങ്‌സും വിഷമിച്ചു. അശോക് ഡിൻഡ എറിഞ്ഞ ആദ്യ ഓവറിൽ അവർക്കു നേടാനായത് രണ്ടു റൺസ് മാത്രം.
രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ ചാഹറിന് വിക്കറ്റ് സമ്മാനിച്ച് ആദിത്യ താരെ കൂടാരം കയറിയതോടെയാണ് സഞ്ജു കളത്തിലിറങ്ങിയത്. അഞ്ചു പന്തുകൾ നേരിട്ട താരെ റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്
കളത്തിലെത്തിയതു മുതലേ തകർത്തടിച്ച സഞ്ജു, പുണെ ബോളർമാരെ ആത്മവിശ്വാസത്തോടെ നേരിട്ടു. ഓവറിൽ ശരാശരി രണ്ടു ബൗണ്ടറി എന്ന ലൈനിൽ മുന്നേറിയ സഞ്ജു അൽപം മയപ്പെട്ടത് സ്പിന്നർമാരുടെ വരവോടെ. എന്നാൽ, അർധസെഞ്ചുറി കടന്നതോടെ വീണ്ടും ഗിയർ മാറ്റിയ സഞ്ജു അതിവേഗം സെഞ്ചുറിയിലേക്കെത്തി. ആദം സാംപയെറിഞ്ഞ 19ാം ഓവറിന്റെ ആദ്യ പന്തിൽ തകർപ്പനൊരു സിക്‌സോടെ സെഞ്ചുറി കടന്ന സഞ്ജു, തൊട്ടടുത്ത പന്തിൽ പുറത്തായി.
രണ്ടാം വിക്കറ്റിൽ സാം ബില്ലിങ്‌സിനൊപ്പം 69 റൺസ് കൂട്ടിച്ചേർത്ത സഞ്ജു, മൂന്നാം വിക്കറ്റിൽ ഋഷഭ് പന്തിനൊപ്പം 53 റൺസ് കൂട്ടുകെട്ടും തീർത്തു. ബില്ലിങ്‌സ് 17 പന്തിൽ നാലു ബൗണ്ടറികൾ ഉൾപ്പെടെ 24ഉം പന്ത് 22 പന്തുകളിൽ രണ്ടു സിക്‌സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 31 റൺസുമെടുത്തു.പിന്നാലെയെത്തിയ ക്രിസ് മോറിസിന്റെ സംഹാര താണ്ഡവം കൂടിയായതോടെ ഡൽഹിയുടെ സ്‌കോർ 200 കടന്നു. ആകെ ഒൻപത് പന്തു മാത്രം നേരിട്ട മോറിസ്, മൂന്നു സിക്‌സും നാലു ബൗണ്ടറിയും ഉൾപ്പെടെ 38 റൺസെടുത്ത് പുറത്താകാതെ നിന്നു. മോറിസിന്റെ സ്‌ട്രൈക്ക് റേറ്റ് 422! കോറി ആൻഡേഴ്‌സൻ നാലു പന്തിൽ രണ്ടു റൺസെടുത്ത് പുറത്താകാതെ നിന്നു.