പൂനെ: സ്വത്തിനും സ്വര്‍ണത്തിനുവേണ്ടി നാല് പേരെ കൊന്നു തള്ളിയ ഡോക്ടര്‍ മഹാരാഷ്ട്രയില്‍ വിലസി നടന്നു. കഴിഞ്ഞ ദിവസമാണ് ഡോ.സന്തോഷ് പോള്‍ എന്ന കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ചോദ്യം ചെയ്യലിനൊടുവില്‍ പോലീസിന് ലഭിച്ചത്.
13 വര്‍ഷമായി ഒരു ഫാം ഹൗസിനുള്ളില്‍ ഈ രഹസ്യങ്ങള്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. ബന്ധുവടക്കം അഞ്ചു സ്ത്രീകളെയും ഒരു പുരുഷനെയും സന്തോഷ് പോള്‍ 10 അടി താഴ്ചയുള്ള കുഴിയില്‍ മൂടി. എന്നിട്ട് അറിയാതിരിക്കാന്‍ അതിനുമുകളില്‍ ഒരു തെങ്ങും നട്ടു. വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടങ്ങള്‍ ഫാംഹൗസില്‍ നിന്ന് കുഴിച്ചെടുക്കപ്പെട്ടു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പൊലീസ് ഫാംഹൗസില്‍ കുഴിച്ചത്.
ഡോക്ടറാണെന്നു സ്വയം വാദിച്ചിരുന്ന ഇയാള്‍ അഴിമതി വിരുദ്ധ പോരാളിയെന്നും സ്വയം വിശേഷിപ്പിച്ചിരുന്നു. നല്ലത് ചെയ്യുന്നവനെന്നു സ്വയം വിളിച്ചു പറഞ്ഞ് യുവതികളും നിരാലംബരുമായ യുവതികളെ സഹായം വാഗ്ദാനം ചെയ്ത് കൂടെ കൂട്ടുന്നതാണ് ഇയാളുടെ രീതി. ചില സമയങ്ങളില്‍ ഇവര്‍ക്ക് ചില സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. എന്നാല്‍, ഇയാള്‍ കൂടെ കൂട്ടുന്ന സ്ത്രീകള്‍ ഓരോരുത്തരായി അപ്രത്യക്ഷരായിരുന്നത് ആരും ശ്രദ്ധിച്ചതുമില്ല. പെട്ടെന്നൊരു സുപ്രഭാതത്തില്‍ യുവതികളെ കാണാതാകും. പിന്നീട് വിവരമൊന്നും ലഭിക്കുകയുമില്ല. ഇത്തരത്തില്‍ അവസാനമായി കൂടെ കൂട്ടിയിരുന്ന സന്നദ്ധപ്രവര്‍ത്തക മംഗല ജെദ്ദെയുടെ തിരോധനവുമായി ബന്ധപ്പെട്ട് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.
1998 മുതല്‍ പരിചയക്കാരാണ് ജെദ്ദെയും പോളും എന്നു അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ജെദ്ദെയെ കാണാതാകുന്നതിനു തൊട്ടുമുമ്പ് വരെ ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, തുടക്കത്തില്‍ ഇയാള്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല. പൊലീസ് ഫോണ്‍ രേഖകള്‍ കാണിച്ചപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലില്‍ നട്ടെല്ല് പോലും മരവിക്കുന്ന വെളിപ്പെടുത്തലുകളാണ് പൊലീസിനു ലഭിച്ചത്.
ജെദ്ദെയെ 2 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് സന്തോഷ് കൂട്ടിക്കൊണ്ടു പോകുന്നത്. ഇതിനു മുമ്പ് നടത്തിയ അഞ്ചു കൊലപാതകങ്ങളില്‍ തന്റെ പങ്കിനെ കുറിച്ച് ജെദ്ദെക്ക് സംശയമുണ്ടെന്നു കരുതിയതിനെ തുടര്‍ന്നാണ് വകവരുത്താന്‍ സന്തോഷ് പോള്‍ തീരുമാനിച്ചത്. ഇതിനായി തന്റെ സഹായിയായ നഴ്സ് ജ്യോതി മന്ദരെയുടെ സഹായം തേടി. ഇരുവരും ചേര്‍ന്നാണ് ജെദ്ദെയെ മരുന്നു കുത്തിവച്ച് കൊലപ്പെടുത്തിയത്. ജെദ്ദെ ജീവിച്ചിരിപ്പുണ്ടെന്നും യാത്രയിലാണെന്നും പൊലീസിനെ വിശ്വസിപ്പിക്കാനാണ് പോളും ജ്യോതിയും ശ്രമിച്ചിരുന്നത്. എന്നാല്‍, വൈകാതെ തന്നെ പൊലീസ് സത്യം തിരിച്ചറിഞ്ഞു. അങ്ങനെ ജ്യോതിയെ വലയില്‍ കുരുക്കിയാണ് സന്തോഷിലേക്ക് എത്തിയത്.
2010 ഓഗസ്റ്റ് 15നു സ്വന്തം കുടുംബത്തില്‍ പെട്ട ജനബായ് പോള്‍ എന്ന സ്ത്രീയെ സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പോള്‍ കൊലപ്പെടുത്തിയിരുന്നു. വിധവയായ ജനബായ് നാലു പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി സന്തോഷില്‍ നിന്ന് പണം സഹായമായി ചോദിക്കാറുണ്ടായിരുന്നു. ഇവരുടെ ഭര്‍ത്താവിന്റെ ശേഷം ഇവരുടെ ഭൂമിയെല്ലാം സന്തോഷ് തട്ടിയെടുത്തിരുന്നു. പിന്നീട് വീട്ടിലെത്തി ഇവര്‍ക്ക് സഹായം വാഗ്ദാനം ചെയ്തു. 2,000 രൂപ സാധനങ്ങള്‍ വാങ്ങാന്‍ നല്‍കാം എന്നു പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് അമ്മയെ കണ്ടിട്ടില്ലെന്ന് ജനബായിയുടെ മകള്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഫാംഹൗസില്‍ നിന്ന് കുഴിച്ചെടുത്ത നാല് അസ്ഥികൂടങ്ങളില്‍ ഒന്നു ജനബായിയുടേതായിരുന്നു. അമ്മയുടെ പച്ചസാരി കണ്ടാണ് മകള്‍ പല്ലവി മൃതദേഹം തിരിച്ചറിഞ്ഞത്. കൗതുകകരമായ വസ്തുത ജനബായിയെ കാണാതായതിനു ശേഷം മകള്‍ക്കൊപ്പം പരാതി നല്‍കാന്‍ പോളും സ്റ്റേഷനില്‍ പോയിരുന്നു. സൗഹൃദവും വിശ്വാസവും നേടിയെടുത്ത ശേഷമാണ് ഇയാള്‍ കൊലപാതകം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ എല്ലാത്തിനും സഹായിയായി നിന്ന ജ്യോതി എന്ന നഴ്സിനെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. അതു നടപ്പാക്കുന്നതിനു മുമ്പാണ് പിടിയിലായത്.