തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത എസ്.നായര്‍ പ്രത്യേകം നല്‍കിയ ബലാല്‍സംഗ പരാതികളില്‍ കേസെടുത്തേക്കും. പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സരിതയുടെ പുതിയ നീക്കം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത പിണറായി വിജയന് നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി.
ബലാത്സംഗ പരാതിയില്‍ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. പക്ഷെ ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന മുന്‍ ഡിജിപി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശിപ്പും നിലപാടെടുത്തു. ഇതോയെയാണ് ഉമ്മന്‍ചാണ്ടി, കെ.സിവേണുഗോപാല്‍, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ് തുടങ്ങിവര്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കി വഴി മുട്ടിയത്. ഇതേതുടര്‍ന്നാണ് പ്രത്യേകം പ്രത്യേകം പരാതികളില്‍ കേസെടുക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചത്.
ഇതിന് പിന്നാലെ സരിത ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിക്കുകയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പുതിയ രണ്ട് പരാതികളാണ് ഇപ്പോഴത്തെ അന്വേഷണ തലവാനായ എഡിജിപി അനില്‍ കാന്തിന് ഒരാഴ്ച മുമ്പ് നല്‍കിയത്. ഈ പരാതികളില്‍ വൈകാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയുന്നത്. നേരത്തെ പരാതിയില്‍ പറഞ്ഞിരുന്ന ആര്യാടന്‍ മുഹമ്മദ്, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രഹ്മണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവര്‍ക്കെതിരെ പ്രത്യേകം പരാതികള്‍ വൈകാതെ പൊലീസില്‍ നല്‍കുമെന്നാണ് വിവരം.