മോഹന്‍ലാലിന്റെ മഹാഭാരത സിനിമയെ തീയറ്റര്‍ കാണിക്കില്ലെന്ന് ശശികല ടീച്ചര്‍; മഹാഭാരതത്തെ തലകീഴായി വച്ചതാണ് രണ്ടാമൂഴം

തൃശൂര്‍: മോഹന്‍ലാലിന്റെ സ്വപ്‌ന പദ്ധതി രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കിയാല്‍ തിയറ്റര്‍ കാണിക്കില്ലെന്ന് കെപി ശശികല. വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതമെന്നും യാഥാര്‍ഥ്യത്തെ വികലമാക്കുന്ന സൃഷ്ടിക്ക് അതേ പേരു പറ്റില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല പറഞ്ഞു.

രണ്ടാമൂഴം അതേ പേരില്‍ സിനിമയാക്കുന്നതില്‍ എതിര്‍പ്പില്ല. മഹാഭാരതം എന്ന പേര് ഉപയോഗിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്ന് ശശികല പറഞ്ഞു. മഹാഭാരതം എന്ന പേരില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. മഹാഭാരത്തെ തലകീഴായി വച്ചതാണ് രണ്ടാമൂഴമെന്നും ശശികല കുറ്റപ്പെടുത്തി. രണ്ടാമൂഴം എന്ന പേരില്‍ സിനിമ ഇറക്കിയാല്‍ എത്ര ഊഴം വേണമെങ്കിലും വന്നു കാണാം. എന്നാല്‍ മഹാഭാരതം എന്ന പേരില്‍ ഇറക്കണമെന്ന് വാശിപിടിച്ചാല്‍ ചിത്രം തിയറ്റര്‍ കാണില്ലെന്ന് അവര്‍ ഭീഷണി മുഴക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ എംടിയുടെ നോവലിനെ ആസ്പദമാക്കി സിനിമ നിര്‍മിക്കുമെന്ന് വാര്‍ത്ത വന്നപ്പോള്‍ തന്നെ സംഘപരിവാര്‍ അതിനെതിരെ രംഗത്തുവന്നിരുന്നു. മഹാഭാരതമല്ല എംടിയുടെ രണ്ടാമൂഴം എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സംഘപരിവാര്‍ അനുകൂല പോസ്റ്റുകളില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സംഘപരിവാറിന്റെ നേതാക്കള്‍ പരസ്യമായി ഈ വാദവുമായി രംഗത്തുവന്നിരുന്നില്ല.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന രണ്ടാമൂഴത്തിന്റെ ചലച്ചിത്ര രൂപം ഇന്ത്യന്‍ സിനിമയില്‍ പുതിയ ചതിത്രമെഴുതും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളിലും വിദേശ ഭാഷകളിലുമായി ഒരുക്കുന്ന ചിത്രത്തിന ആയിരം കോടി രൂപയാണ് ബജറ്റ് നിശ്ചയിച്ചിരിക്കുന്നത്. മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലും മറ്റു ഭാഷകളില്‍ മഹാഭാരതം എന്ന പേരിലും ചിത്രം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് അ്ണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

മോഹന്‍ലാലിനെക്കൂടാതെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍നിന്നായി പ്രമുഖ അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. യുഎഇ എക്‌സചേഞ്ച് മേധാവി ബിആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്.

Top