കൊച്ചി: കേരളത്തിലെ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇടപാടുകളില്‍ ഇളവ് പ്രഖ്യാപിച്ച് എസ്.ബി.ഐ. രണ്ട് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി പണം കൈമാറുന്നതിന് ഇനി ഫീസ് ഇല്ല.
നഷ്ടങ്ങളില്‍ നിന്നു കരകയറുന്നതിനുള്ള വായ്പകള്‍ക്ക് എസ്ബിഐ പ്രോസസിങ് ഫീസ് ഈടാക്കില്ല. നിലവിലെ വായ്പകളുടെ തിരിച്ചടവു വൈകിയാല്‍ പിഴത്തുകയും അടയ്‌ക്കേണ്ട. ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവയ്ക്കുള്ള ചാര്‍ജും ഒഴിവാക്കി. ദുരിതബാധിതര്‍ ശാഖയില്‍ വിളിച്ച് പണം ആവശ്യപ്പെട്ടാല്‍ പോയിന്റ് ഓഫ് സെയില്‍ മെഷീന്‍ വീട്ടിലെത്തിക്കും. 2000 രൂപ വരെ ഇങ്ങനെ പിന്‍വലിക്കാം.
തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് എസ്ബിഐ ശാഖയില്‍ ഫോട്ടോ മാത്രം നല്‍കി അക്കൗണ്ട് ആരംഭിക്കാം. പഴ്‌സനല്‍ ലോണിന് യോഗ്യരായവര്‍ക്ക് അതിവേഗം വായ്പ അനുവദിക്കും. ദുരിത ബാധിതരായ ആരില്‍ നിന്നും മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ പിഴ ഈടാക്കില്ല. ഈടാക്കിയാല്‍ തിരികെ നല്‍കും. ദുരിത ബാധിതനാണെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ കത്തു നല്‍കിയാല്‍ മതി.
രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്ബിഐ സംഭാവന ചെയ്തു. ഇതിനു പുറമെ 2.7 ലക്ഷം ജീവനക്കാരില്‍നിന്നു സംഭാവന ശേഖരിക്കുന്നുണ്ട്. ഈ തുകയും എസ്ബിഐയുടെ വകയായി സമാനമായ തുകയും ചേര്‍ത്ത് ദുരിതാശ്വാസ നിധിയിലേക്കു കൈമാറും. പ്രളയം കാരണം പ്രവര്‍ത്തന രഹിതമായ എടിഎമ്മുകളും ശാഖകളും എത്രയും വേഗം തുറക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും എസ്ബിഐ വ്യക്തമാക്കി.