
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും നിശിത വിമരശകനായിരുന്ന മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് സിന്‍ഹ അറിയിച്ചു. രാജ്യത്ത് ജനാധിപത്യം ഭീഷണിയിലാണെന്ന് അദ്ദേഹം ആരോപിച്ചു.. പാറ്റ്നയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നതായി സിൻഹ വ്യക്തമാക്കിയത്.
ഇന്നു ഞാൻ ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നു. എല്ലാ തരത്തിലുള്ള രാഷ്ട്രീയത്തിൽനിന്നും ഞാൻ സന്യാസം സ്വീകരിക്കുന്നു- ബിജെപി ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സിൻഹ പറഞ്ഞു. ബജറ്റ് സമ്മേളനം നടക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ പോലും പ്രതിപക്ഷത്തിന്‍റെ പ്രശ്നങ്ങൾ ചർച്ച നടത്താൻ ശ്രമിച്ചില്ലെന്നും സിൻഹ കുറ്റപ്പടുത്തി.
വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൽ യശ്വന്ത് സിൻഹ ധനവകുപ്പ് കൈകാര്യം ചെയ്തിരുന്നു. നോട്ട് നിരോധനം, ജിഎസ്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദിയുടെ സ്ഥിരം വിമർശകനായും സിൻഹ മാറി. ഇദ്ദേഹത്തിന്‍റെ മകൻ ജയന്ത് സിൻഹ മോദി സർക്കാരിൽ അംഗമാണ്.