മുംബൈ: എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് മികച്ച വിജയം പ്രവചിച്ചതില്‍ നേട്ടം കൊയ്തത് ഓഹരി വിപണിയാണ്. വന്‍ കുതിപ്പാണ് എന്‍ഡിഎ വിജയത്തിന്റെ പ്രവചനം വിണയില്‍ ഉണ്ടാക്കിയത്. 2009നുശേഷം ഇതാദ്യമായാണ് വ്യാപാര ദിനത്തില്‍ സൂചികകള്‍ ഇത്രയും ഉയരുന്നത്.
സെന്‍സെക്സ് 1421.90 പോയന്റ് ഉയര്‍ന്ന് 39352.67ലും നിഫ്റ്റി 421.10 പോയന്റ് നേട്ടത്തില്‍ 11828.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍തന്നെ സെന്‍സെക്സ് 960 പോയന്റ് ഉയര്‍ന്നിരുന്നു.
ബിഎസ്ഇയിലെ 2013 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 613 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഫ്ര, വാഹനം, ഊര്‍ജം, എഫ്എംസിജി, ലോഹം, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലായത്.
ഇന്ത്യബുള്‍സ് ഹൗസിങ്, എസ്ബിഐ, യെസ് ബാങ്ക്, എല്‍ആന്റ്ടി, എച്ച്ഡിഎഫ്സി, മാരുതി സുസുകി, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഡോ.റെഡ്ഡീസ് ലാബ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.