കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങള്‍ ഓരോന്നും ആസൂത്രണം ചെയ്തത് മാത്യുവിന്റെ കൂടി നിര്‍ദേശത്തെ തുടര്‍ന്നെന്ന് അറസ്റ്റില്‍ കഴിയുന്ന ജോളിയുടെ മൊഴി. മാത്യു കൂടി അറിഞ്ഞിട്ടാണ് എല്ലാ കൊലപാതകങ്ങളും നടന്നതെന്നും ജോളി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മാത്യുവുമായി പങ്കുവെച്ചിട്ടുണ്ടെന്നും എല്ലാ ഘട്ടത്തിലും മാത്യുവുമായി സംസാരിച്ചാണ് മുന്നോട്ടുപോയതെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.
കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ അറസ്റ്റുണ്ടാകും. മുഖ്യപ്രതി ജോളി ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതിനിടെ ജോളിയെ സ്വത്ത് തട്ടിയെടുക്കാൻ സഹായിച്ചത് പ്രദേശത്തെ കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളെന്ന് സൂചന കിട്ടിയിട്ടുണ്ട് .ഒരു ഡിസിസി ഭാരവാഹി വ്യാജരേഖ ചമയ്ക്കാൻ ജോളിക്ക് ഒത്താശ ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. ഒസ്യത്ത് തയ്യാറാക്കുന്നതിലുൾപ്പെടെ ഇയാളുടെ സഹായം ലഭിച്ചതായാണ് വിവരം. ജോളിയുമായി ഇദ്ദേഹത്തിന് സാമ്പത്തിക ഇടപാടുള്ളതായും സംശയിക്കുന്നു.
ലീഗ് നേതാവിനും ഇവരുമായി അടുത്തബന്ധമുള്ളതായാണ് വിവരം. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇതിലൊരാൾ ജോളിയ്ക്ക് നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് പൊലീസ് കണ്ടെടുത്തു. എന്തിനാണ് ഈ പണം നൽകിയതെന്നറിയാൻ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചന ആസൂത്രണം ചെയ്തത് ഈ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. ജോളി ഇവരുടെ സഹായത്തോടെ ഉണ്ടാക്കിയ വ്യാജവിൽപ്പത്രമാണ് തെളിവായി പൊലീസ് മുമ്പോട്ട് വയ്‌ക്കുന്നത്. വിൽപ്പത്രത്തിൽ ഒപ്പിട്ട സാക്ഷികളിലേക്കും അന്വേഷണം നീണ്ടു.
രണ്ട് ക്രിമിനൽ അഭിഭാഷകരും സംശയനിഴലിലാണ്. ഇവരുൾപ്പെടെ ഇതുവരെ ചോദ്യംചെയ്യാത്ത 11 പേരിലേക്കും അന്വേഷണം നീളും. ജോളിയുടെ ഫോൺ രേഖകൾ പരിശോധിച്ച് ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക തയ്യാറാക്കി.കോഴിക്കോട് വനിത ജയിലിൽ റിമാൻഡിലുള്ള ജോളിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ബുധനാഴ്ച കോടതിയെ സമീപിക്കും. മറ്റു പ്രതികളായ മാത്യുവും പ്രജികുമാറും ഇപ്പോൾ കോഴിക്കോട് ജില്ലാ ജയിലാണ്.
ഞായറാഴ്ച സയന്റിഫിക് വിദഗ്ധരുടെ സഹായത്തോടെ കൂടത്തായി പൊന്നാമറ്റത്തെ വീട് പൊലീസ് പരിശോധിച്ച് പൂട്ടി സീൽചെയ്‌തു. ഭർത്താവ് റോയിയെ കൊല്ലാൻ ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്ത ജ്വല്ലറി ജീവനക്കാരൻകൂടിയായ റോയിയുടെ അമ്മാവന്റെ മകൻ കാക്കവയൽ മഞ്ചാടിയിൽ വീട്ടിൽ സജി എന്ന എം എസ് മാത്യു, മാത്യുവിന് സയനൈഡ് നൽകിയ സ്വർണപ്പണിക്കാരനായ താമരശേരി പള്ളിപ്പുറം തച്ചംപൊയിൽ മുള്ളമ്പലത്തിൽ വീട്ടിൽ പ്രജികുമാർ എന്നീ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കൂടുതൽപേരിലേക്ക് നീങ്ങുന്നത്.
ജോളിക്ക് കൂടുതൽ അളവിൽ സയനൈഡ് എങ്ങനെ ലഭിച്ചുവെന്നതും അന്വേഷിക്കുന്നു. രണ്ട് പേരെ കൊലപ്പെടുത്താനുള്ള സയനൈഡ് മാത്രമാണ് പ്രജികുമാറിൽനിന്ന് വാങ്ങി മാത്യു നൽകിയതെന്നാണ് വിവരം. മറ്റ് കൊലകള്‍ക്ക് സയനൈഡ് ലഭിച്ചതില്‍ ദുരൂഹതയുണ്ട്. എൻഐടി ബന്ധം ഉപയോഗപ്പെടുത്തി ജോളി സയനൈഡ് സംഘടിപ്പിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്. എൻഐടിയിൽ ജോളിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്.
ജോളിയും മാത്യുവും തമ്മിലുള്ള കൂടുതൽ ബന്ധം, വ്യാജരേഖകൾ തയ്യാറാക്കാൻ സഹായിച്ചവർ, ജോളിയുടെ സാമ്പത്തിക ഇടപാട് എന്നിവയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കല്ലറ തുറന്ന് ശേഖരിച്ച മൃതദേഹ ഭാഗങ്ങളുടെ ശാസ്‌ത്രീയ പരിശോധനാ ഫലം കണ്ണൂരിലെ ഫോറൻസിക് ലാബിൽനിന്നും എത്രയും വേഗം നൽകാൻ പൊലീസ്‌ആശ്യപ്പെട്ടിട്ടുണ്ട്.
കൂടത്തായിയിലെ കൊലപാതക പരമ്പര വിശദമായി ആസൂത്രണം ചെയ്ത് ക്രൂരമായി നടപ്പാക്കുകയായിരുന്നുവെന്ന് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ പൊലീസ് മുൻ സർജൻ ഡോ.ഷേർളി വാസു പറഞ്ഞു. കേരളാ പൊലീസിന്റെ അന്വേഷണം ശരിയായ രീതിയിലാണെന്നും അവർ പറഞ്ഞു.കല്ലറ തുറന്ന് പരിശോധിക്കാനും പോസ്‌റ്റുമോർട്ടത്തിനുമുള്ള പൊലീസിന്റെ തീരുമാനം സാധാരണ നടപടി മാത്രമാണ്. കോടതിക്ക് പഴുതടച്ച തെളിവുകൾ സമർപ്പിക്കാനും സംശയത്തിനിടവരുത്താതിരിക്കാനും ഇത്തരം അന്വേഷണം പതിവാണ്. കല്ലറ തുറന്നതിലൂടെ പല തെളിവുകളും ലഭിച്ചേക്കാം. പോസ്‌റ്റുമോർട്ടം ചെയ്യാത്ത മൃതദേഹത്തിൽ തെളിവുകളുണ്ടാകാം. സാധാരണഗതിയിൽ സയനൈഡ് മൂലമുണ്ടായ മരണത്തിൽ രണ്ടാം ദിവസം വിഷാംശത്തിന്റെ 79 ശതമാനവും മൃതദേഹത്തിൽനിന്നില്ലാതാകും. മൂന്നാംദിവസം പൂർണമായും നഷ്ടപ്പെടും. എന്നാൽ, കൂടത്തായിയിലെ കൂട്ടക്കൊലപാതകത്തിൽ ഒരു മൃതദേഹം പോസ്‌റ്റുമോർട്ടം നടത്തിയതിൽനിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. മറ്റെല്ലാ കൊലപാതകങ്ങളും ഇതിന് അനുബന്ധമായി വരും.
കൃത്യമായ ഇടവേളകളിലുണ്ടായ കൊലപാതകങ്ങൾ ചൂണ്ടിക്കാണിക്കുന്നത് പൊതുജനങ്ങളുടെ ശ്രദ്ധക്കുറവിനെയാണ്. ഒരു കുടുംബത്തിലെ ആറുപേർ വിവിധ കാലയളവിൽ ഒരേ സാഹചര്യത്തിൽ മരിച്ചിട്ടും പൊതുജനങ്ങൾ പരാതിയുമായി വരാത്തത് ആശ്‌ചര്യകരമാണ്. ഇൻക്വസ്റ്റ് നടത്തുമ്പോൾ ജനപ്രതിനിധികളുടെ സാന്നിധ്യം നിർബന്ധമാക്കണം. ഒപ്പം മരണങ്ങൾ പരിശോധിക്കാനും നടപടിവേണമെന്നം ഷേർളി വാസു പറഞ്ഞു.