
വിജയവാഡ: നിര്‍മ്മാണത്തിലിരുന്ന കെട്ടിട്ടം തകര്‍ന്നടിഞ്ഞ് ഏഴ് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഏഴ് തൊഴിലാളികള്‍ കെട്ടിടത്തിനടിയില്‍പ്പെട്ട് മരിക്കുകയായിരുന്നു. നിര്‍മ്മാണത്തിലിരുന്ന ഷോപ്പിംഗ് മാളാണ് തകര്‍ന്നു വീണത്. വിജയവാഡയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ ലക്ഷ്മിപുരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
രാത്രിയിലായിരുന്നു അപകടം ഉണ്ടായത്. ആകെ എട്ടു തൊഴിലാളികളാണ് ഇവിടെയുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി.
30 അടി താഴ്ചയില്‍ കെട്ടിടത്തിന് വേണ്ടി കുഴിയെടുക്കുന്നതിനിടെയാണ് സമീപത്തെ ഭിത്തി തകര്‍ന്ന് വീണത്. അപകടത്തില്‍ തൊഴിലാളികളെല്ലാം മണ്ണിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തേക്ക് ദ്രുതഗതിയില്‍ എല്ലാ സഹായവും എത്തിക്കാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.