കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയി പെണ്‍വാണിഭം നടത്തുന്ന രാജ്യാന്തര സംഘത്തെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞദിവസം അറസ്റ്റിലായ ദുബായില്‍ ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തുന്ന പെരുമ്പാവൂര്‍ കോട്ടപ്പടി സ്വദേശിനി സ്റ്റോയ്സി എന്ന സിന്ധു(56)വാണ് സെക്സ് റാക്കറ്റിന്റെ പ്രധാന നടത്തിപ്പുകാരിയെന്നാണ് വിവരം. സിന്ധുവിനെ കൂടാതെ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിനിയും മരടിലെ ഫ്ളാറ്റില്‍ താമസക്കാരിയുമായ അലീന എബ്രഹാം(27), പൊന്നാനി സ്വദേശിനി മഞ്ജിമ(25) എന്നിവര്‍ രാജ്യാന്തരബന്ധമുള്ള സെക്സ് റാക്കറ്റിന്റെ പ്രധാന ഏജന്റുമാരാണെന്നും പോലീസ് പറയുന്നു.
മോഡലിങ് അവസരങ്ങളും ബ്യൂട്ടിപാര്‍ലറില്‍ ജോലി വാഗ്ദാനംചെയ്തുമെല്ലാമാണ് സംഘം യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയിരുന്നത്. രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് യുവതികളെ ദുബായിലെത്തിച്ചിരുന്നത്. തുടര്‍ന്ന് ലൈംഗികചൂഷണത്തിനിരയാക്കിയ ശേഷം 57 ദിവസം കഴിഞ്ഞാല്‍ ഇവരെ തിരികെ നാട്ടിലേക്ക് കയറ്റിവിടും. ഇക്കാലയളവില്‍ യുവതികളുടെ മൊബൈല്‍ഫോണും പാസ്പോര്‍ട്ടുമെല്ലാം സംഘം പിടിച്ചുവെയ്ക്കുകയാണ് രീതിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
യുവതികളെ വിദേശത്ത് എത്തിച്ചാല്‍ ഇവരെ മയക്കുമരുന്ന് നല്‍കി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തും. ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം യുവതികളെ പിന്നീട് ലൈംഗികവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നത്.
യുവതികളെ ദുബായില്‍ എത്തിച്ചാലുടന്‍ ഇവരുടെ ഫോട്ടോകള്‍ വാട്സാപ്പ് വഴി കൈമാറിയാണ് സംഘം ‘ഡീല്‍’ ഉറപ്പിക്കുന്നത്. യുവതികളെ ലൈംഗികചൂഷണത്തിനിരയാക്കുമ്പോള്‍ ഒളിക്യാമറ സ്ഥാപിച്ച് ഈ ദൃശ്യങ്ങളും പകര്‍ത്തിയിരുന്നു. ഒരു ഇടപാടിലൂടെ മാത്രം ഏകദേശം 25,000 രൂപയാണ് സമ്പാദിച്ചിരുന്നത്. ഇത്തരത്തില്‍ ഒരുദിവസം മാത്രം ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നിരുന്നതായും വിവരങ്ങളുണ്ട്.
അതേസമയം, കേസിലെ രണ്ട് പ്രതികള്‍ നിലവില്‍ വിദേശത്താണുള്ളത്. ഇവരെ പിടികൂടാനായി പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. സംഭവത്തില്‍ സിനിമ-സീരിയല്‍ മേഖലയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. മുഖ്യപ്രതിയായ സിന്ധുവിന്റെ സ്ഥാപനവുമായി ചില താരങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നതായാണ് വിവരം. ഈ സാഹചര്യത്തിലാണ് സിനിമ-സീരിയല്‍ മേഖലയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്


