ക്രൈം ഡെസ്‌ക്
തിരുവനന്തപുരം: നൂറിലേറെ വീട്ടമ്മമാരുടെ ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയ കേസിൽ പെൺവാണിഭ സംഘം പിടിയിൽ. വീട്ടമ്മമാരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയ ശേഷം ഇവരെ ബ്ലാക്ക് മെയിൽ ചെയ്താണ് സംഘം കെണിയിലാക്കിയിരുന്നത്. പെൺവാണിഭസംഘവുമായി ബന്ധമുള്ളവരാണ് പ്രതികളെന്ന് സിഐ സന്തോഷ്‌കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ബാലരാമപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബാലരാമപുരം സ്വദേശി കുമാർ എന്ന പെരുമാൾ ജവഹർ (28), വെമ്പായം സ്വദേശിനി അശ്വതി (35), പേരൂർക്കട സ്വദേശി ലൈജു (31) എന്നിവരാണ് പിടിയിലായത്.
ഭർതൃമതിയായ അവരുടെ ചിത്രം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയാണ് കുമാർ ആദ്യം പീഡിപ്പിച്ചത്. പിന്നീട് യുവതിയുടെ നഗ്‌നചിത്രം പകർത്തി ആണ്ടൂർക്കോണത്തും പേരൂർക്കട ഏണിക്കരയിലും കൊണ്ടുപോയി പീഡിപ്പിച്ചു. പെൺവാണിഭ സംഘാംഗങ്ങളായ അശ്വതിയും ലൈജുവും കുമാറിനെ ഇക്കാര്യത്തിൽ സഹായിച്ചതായും പോലീസ് പറയുന്നു. വാടകയ്ക്ക് വീടെടുത്താണ് അശ്വതി അനാശാസ്യകേന്ദ്രങ്ങൾ നടത്തിയിരുന്നത്.
ആണ്ടൂർക്കോണത്ത് നാട്ടുകാരുടെ എതിർപ്പിനെത്തുടർന്നാണ് ഏണിക്കരയിലെത്തിയതെന്നും പോലീസ് ചൂണ്ടിക്കാട്ടി. രാത്രിയിൽ സ്ഥിരമായി വാഹനങ്ങൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഏണിക്കരയിലും നാട്ടുകാർ ഈ സാമൂഹ്യവിരുദ്ധർക്ക് തലവേദനയായി. അതേസമയം, പൊള്ളലേറ്റ് കഴിയുന്ന തന്നെ സന്ദർശിക്കുവാനാണ് പലരും വരുന്നതെന്ന ന്യായീകരണവുമായി അശ്വതി നാട്ടുകാരുടെ മുന്നിൽ പിടിച്ചുനിന്നു. ഇതിനിടയിലാണ് ബാലരാമപുരം പോലീസ് സ്റ്റേഷനിൽ കുമാറിനെതിരെ അയൽവാസി പരാതി നൽകിയത്.
തുടർന്ന് തിരുവനന്തപുരം എസ്പിയുടെ നിർദേശപ്രകാരം നെയ്യാറ്റിൻകര ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പെൺവാണിഭ സംഘത്തിലെ അംഗങ്ങൾ കൂടിയായ അശ്വതിയെയും സഹായി ലൈജുവിനെയും കുമാറിനെയും പിടികൂടിയത്. പെൺവാണി ഭവുമായി ബന്ധപ്പെട്ട് അശ്വതിക്കെതിരെ മംഗലപുരം പോലീസ് സ്റ്റേഷനിലും കേസുള്ളതായി നെയ്യാറ്റിൻകര സി ഐ അറിയിച്ചു.


