സ്വന്തം ലേഖകൻ
മുംബൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നടി കങ്കണ റണൗട്ടിന്റെ ബോഡി ഗാർഡിനെതിരെ പൊലീസ് കേസെടുത്തു. കങ്കണയുടെ ബോഡി ഗാർഡായ കുമാർ ഹെഗ്‌ഡെ എന്നയാൾക്കെതിരെ മുംബൈ ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങി വിവിധ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കങ്കണയുടെ സ്വകാര്യ അംഗ രക്ഷകരിലൊരാളാണ് കുമാറെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം സംബന്ധിച്ച് സ്ഥിരീകരണം നടത്താൻ പൊലീസ് തയ്യാറായിട്ടില്ല.
30കാരിയായ ബ്യൂട്ടീഷ്യനാണ് ഹെദ്‌ഡെക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരിയും ആരോപണവിധേയനും തമ്മിൽ ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു, പിന്നീട് വേർപിരിഞ്ഞു എന്നാണ് പ്രാഥമിക ഘട്ടത്തിലെ വിവരം.
യുവതിയുടെ മൊഴി അനുസരിച്ച് എട്ടു വർഷം മുൻപാണ് യുവതി ഹെഗ്‌ഡെയെ പരിചയപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂണിൽ ഇയാൾ വിവാഹ പ്രൊപ്പൊസൽ മുന്നോട്ട് വയ്ക്കുകയും യുവതി അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ തന്നെ പല അവസരങ്ങളിലും ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധം സ്ഥാപിച്ചു എന്നാണ് യുവതിയുടെ ആരോപണം.
ഇക്കഴിഞ്ഞ ഏപ്രിൽ 27ന് തന്റെ ഫ്‌ളാറ്റിൽ നിന്നും 50000 രൂപയുമായി ഹെഗ്‌ഡെ കടന്നു കളഞ്ഞുവെന്നും പരാതിയിൽ ആരോപണമുണ്ട്.ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും പുറമെ വഞ്ചനാക്കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
യുവതിയെ വിശദമായ വിദഗ്ധ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്എന്നാൽ സംഭവത്തിൽ ഇതുവരെ കങ്കണയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല