
കോഴിക്കോട് :പിടികിട്ടാപ്പുള്ളിയായ ക്രിമിനലിനുവേണ്ടി കോൺഗ്രസിനെയും മുന്നണിയെയും തകർത്തു. കെ സുധാകരന്റെയും വിഡി സതീശന്റെയും മറുനാടൻ പ്രണയം യുഡിഎഫിലും കോൺഗ്രസിലും പൊട്ടിത്തെറി. മുന്നണി സംവിധാനത്തെ തന്നെ പ്രതിസന്ധിയിൽ ആക്കി .
തുടക്കം മുതൽ ഷാജൻ സ്‌കറിയക്കൊപ്പം ഉറച്ചുനിന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കനത്ത തിരിച്ചടിയേകി മുതിർന്ന നേതാവ് കെ മുരളീധരൻ തന്നെ രംഗത്തെത്തി. വിഷയത്തിൽ മുസ്ലിം ലീഗ് നേരത്തെ കോൺഗ്രസ് നിലപാട് തള്ളിയിരുന്നു. വർഗീയതയും മുസ്ലിം വിദ്വേഷവും പ്രചരിപ്പിക്കുന്ന ചാനലിനെ പിന്തുണയ്ക്കുന്ന നേതൃത്വത്തിന്റെ നിലപാടിൽ കോൺഗ്രസിൽ തന്നെ അതൃപ്‌തി ശക്തമാണ്. ഇതാണ് മുരളീധരനിലൂടെ പുറത്തുവന്നത്.
മറുനാടൻ മലയാളിയെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. വി ഡി സതീശനും ഇതേ നിലപാടുമായി രംഗത്തെത്തി. മറുനാടനെതിരായ നീക്കത്തെ മാധ്യമ വേട്ടയായി ചിത്രീകരിച്ച് 26ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊലീസ് സ്‌റ്റേഷൻ മാർച്ച് നടത്താനും കെപിസിസി തീരുമാനിച്ചു. ഇതിനിടയിലാണ് മുരളീധരന്റെ അപ്രതീക്ഷത അടി. ഇതോടെ സമരപരിപാടി ഉപേക്ഷിക്കേണ്ട ഗതികേടിലായി കോൺഗ്രസ്.
മറുനാടന്റെത് മാധ്യമ പ്രവർത്തനമായി കാണാനാകില്ലെന്നായിരുന്നു മുരളീധരൻ പറഞ്ഞത്. രാഹുൽ ഗാന്ധിയെ വളരെ മോശക്കാരനായി ചിത്രീകരിക്കുന്നതിന് മറുനാടൻ ബോധപൂവം വാർത്ത നൽകിയ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഇതെല്ലാം മറന്നാണ് ചിലരുടെ മറുനാടൻ പ്രേമമെന്ന് ഓർമിപ്പിക്കുകയായിരുന്നു മുരളീധരൻ.
സമൂഹത്തിൽ മതസ്‌പർധയും വിദ്വേഷവും വളർത്തുന്നതാണ് അതിലെ വീഡിയോകൾ. ചാനലിനെതിരെ ലീഗ് നേരത്തെ ആക്ഷേപമുന്നയിച്ചിരുന്നുവെന്നാണ് ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞത്.
മറുനാടൻ മലയാളി യു ട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരായ നിയമനടപടിയിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി.ഷാജൻ സ്‌കറിയ നടത്തുന്നത് മാധ്യമ പ്രവർത്തനമായി കാണുന്നില്ല. രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും വളരെ മോശമായി ചിത്രീകരിച്ച ആളാണ് ഷാജൻ.
വ്യക്തികളെ അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ല. മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന അദ്ദേഹത്തിന്റെ രീതി സംഘിയുടെ സംഭാഷണമായാണ് തോന്നിയത്. പി വി ശ്രീനിജൻ എംഎൽഎയുടെ ജാതിയെ അധിക്ഷേപിച്ചതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. കേസിൽ മെറിറ്റ് ഉള്ളതുകൊണ്ടാണ് മുൻകൂർ ജാമ്യം തള്ളിയത്. അത് നിയമത്തിന്റെ വഴിക്ക് നടക്കട്ടേയെന്നും അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.