കൊച്ചി:നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ ഷെരീഫ്, ശരത്, അബൂബക്കർ, എന്നിവരെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. കൊടുങ്ങല്ലൂരിലെ ഇവരുടെ വീടുകളിൽ നിന്നാണ് പ്രതികൾ വീണ്ടും അറസ്റ്റിലായത്. പരസ്യചിത്രത്തിന് എന്ന പേരിൽ പെൺകുട്ടികളെ വാളയാറിൽ വെച്ച് തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ വീണ്ടും വഴിത്തിരിവായിരിക്കയാണ് . കഴിഞ്ഞ ദിവസം കോടതി ജാമ്യത്തിൽ വിട്ടയച്ച പ്രതികളെ രാത്രിയോടെ വീണ്ടും അറസ്റ്റിലാവുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികൾക്ക് ജാമ്യം അനുവദിച്ചത് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും വിമർശനമുയർന്നിരുന്നു.
കൊച്ചി ബ്ലാക്ക്മെയിലിംഗ് കേസിൽ കഴിഞ്ഞ ദിവസമാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. പ്രതികൾക്ക് ജാമ്യം ലഭിച്ചതിൽ പോലീസിന് വീഴ്ച സംഭവിച്ചെന്ന വിമർശനമുയർന്നിരുന്നു. ഇതിനിടെയാണ് ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും അറസ്റ്റിലാവുന്നത്. ഷംനയുടെ വീട്ടിൽ വിവാഹാലോചനയുമായെത്തിയ സംഘത്തിലും ശരതും അബൂബക്കറും ഉൾപ്പെട്ടിരുന്നു. കേസിലെ ആറാം പ്രതി ഹാരിസ് മുഖ്യപ്രതിയായ റഫീഖിന്റെ സഹോദരനാണ്.
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് ഉപാധികളോടെയാണ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിട്ടുള്ളത്. രാജ്യംവിട്ട് പോകരുതെന്നും പാസ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രതികൾ ഓരോരുത്തരും ഒരു ലക്ഷം രൂപയാണ് ജാമ്യത്തുകയായി കെട്ടിവെക്കേണ്ടത്. ഇതിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും കോടതി പ്രതികളോട് നിർദേശിച്ചിട്ടുണ്ട്.
വരനെന്ന പേരിൽ പ്രതികൾ ഷംനയ്ക്ക് അയച്ചുകൊടുത്തത് കാസർഗോഡ് സ്വദേശിയായ ടിക് ടോക് താരത്തിന്റേത് ആയിരുന്നു. ഇതോടെ യാസിറിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയ പോലീസ് ഇയാൾ ചോദ്യം ചെയ്തിരുന്നു. മൊഴിയെടുത്ത ശേഷമാണ് ഇയാളെ വിട്ടയച്ചിട്ടുള്ളത്. കേസുമായോ കേസിലെ പ്രതികളുമായോ തനിക്ക് ബന്ധമില്ലെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ദുബായിൽ ഷൂ മൊത്തവ്യാപാര ബിസിനസ് സ്ഥാപനത്തിലെ ജീവനക്കാരനായ യാസിർ കൊറോണ വൈറസ് ലോക്ക് ഡൌണിനെ തുടർന്ന് നാല് മാസം മുമ്പാണ് കാസർഗോട്ട് തിരിച്ചെത്തിയത്.
തട്ടിപ്പ് കേസിലെ അൻവറിനെ പരിചയമില്ലെന്നും പോലീസ് വിളിപ്പിച്ചതുകൊണ്ട് മാത്രമാണ് കൊച്ചിയിലേക്ക് വന്നതെന്നും യാസിർ പോലീസിനോട് പറഞ്ഞു. ടിക് ടോക്കിൽ വല്ലപ്പോഴും വീഡിയോകൾ ചെയ്തിരുന്ന താൻ അത്ര സജീവമായിരുന്നില്ലെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് ഷംനയെ സമീപിച്ച റഫീഖാണ് ടിക് ടോക് താരത്തിന്റെ ഫോട്ടോ അൻവറാണെന്ന് വിശ്വസിപ്പിച്ച് അയച്ചുകൊടുത്തത്.
പ്രതികൾ ഉൾപ്പെട്ട സംഘം വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന് പിന്നിലുണ്ടായ ചതികളെക്കുറിച്ച് നടിയും കുടുംബവും മനസ്സിലാക്കുന്നത്. കേസിലെ മുഖ്യപ്രതിയായ റഫീഖാണ് യാസിറിന്റെ ചിത്രങ്ങൾ പലപ്പോഴായി നടിയ്ക്ക് അയച്ചുകൊടുത്തിട്ടുള്ളത്. കേസിൽ ആറ് പേർ അറസ്റ്റിലായെങ്കിലും പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരുന്നുണ്ട്. ഇതിനിടെ തട്ടിപ്പ് സംഘം നടിയുടെ വീട്ടിലെത്തിയതിന് പിന്നാലെ വീട് സന്ദർശിച്ച നിർമാതാവിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഐജി വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്.