ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ മൊഴിമാറ്റി. കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമെന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് പുതിയ മൊഴി.
നെയ്യാറ്റിൻകര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നൽകിയത്.രഹസ്യമൊഴി പെൻ ക്യാമറയിൽ കോടതി പകർത്തിയിട്ടുണ്ട്. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.
ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണ് പുതിയ മൊഴിയെന്നതും ശ്രദ്ധേയമാണ്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. വേറെ വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ വിഷം കലർത്തിയെന്നാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്.
ഇപ്പോഴത്തെ മൊഴി ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്.കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായ ഷാരോൺ ചികിത്സയിലിരിക്കെ ഒക്ടോബർ 25-ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.