പ്രമുഖ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ അയോധ്യ പ്രശ്‌നത്തില്‍ ഇന്ന് നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്. തരൂര്‍ രാമക്ഷേത്രം വേണമെന്ന് അഭിപ്രായപ്പെട്ടു എന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്തു വന്നത്. എന്നാല്‍ മലയാളം മാധ്യമങ്ങള്‍ തരൂരിന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് വെളിപ്പെടുകയാണ്. തരൂര്‍ നടത്തിയ പ്രസ്താവന യഥാര്‍ത്ഥത്തില്‍ അങ്ങനെ അല്ലായിരുന്നു.
ലക്ഷണക്കണക്കിന് മനുഷ്യരുടെ വിശ്വാസങ്ങള്‍ മാനിക്കപ്പെടേണ്ടതാണെന്നാണ് തന്റെ നിലപാടെന്ന് ശശി തരൂര്‍ പറഞ്ഞു. അയോധ്യയുമായി ബന്ധപ്പെട്ട ചരിത്രം ആഴത്തില്‍ പരിശോധിച്ച് അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചാല്‍ അതൊരു രാമക്ഷേത്രമാണെന്ന ജനവിശ്വാസത്തില്‍ കഴമ്പുണ്ടെങ്കില്‍ മറ്റു സമുദായങ്ങളുടെ ആരാധനാ സ്ഥലങ്ങള്‍ നശിപ്പിക്കാതെ അവിടൊരു ക്ഷേത്രം ആവശ്യമാണെന്നാണ് തരൂര്‍ പറഞ്ഞത്. ഇരു കൂട്ടര്‍ക്കും യോജിക്കാവുന്ന ഒരു പരിഹാരം എങ്ങനെ ഉണ്ടാക്കണം എന്നതാണ് വിഷയമെന്നും മറിച്ച് അവിടെ അക്രമം നടന്നതും പള്ളി പൊളിച്ചതും ദൗര്‍ഭാഗ്യമാണെന്നാണ് തരൂര്‍ പറഞ്ഞത്.
എന്നാല്‍ ഇതിന് വിരുദ്ധമായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. കശ്മീര്‍ വിഷയത്തില്‍ ആര്‍ട്ടിക്കിള്‍ 370-ാം അനുച്ഛേദം എല്ലാ കാലത്തും അതേപടി നിലനിര്‍ത്തുന്നതിനായി വാദിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും തരൂര്‍ പറഞ്ഞു. എല്ലാ കാലത്തും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല കശ്മീരിന്റെ പ്രത്യേക പദവി എന്നാണ് തന്റെ നിലപാട്. 370-ാം അനുച്ഛേദം എത്ര കാലം നിലനിര്‍ത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നായിരുന്നു നെഹ്‌റുവിന്റെയും കാഴ്ചപ്പാടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. അതേസമയം അനുച്ഛേദം റദ്ദാക്കിയ രീതിയെ അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്യുന്നു.