പതിനൊന്നുകാരി ഷോൾ കഴുത്തിൽ കുടുങ്ങി ദാരുണമായി മരിച്ചു; മരിച്ചത് വീടിനുള്ളിൽ സഹോദരനൊപ്പം കളിക്കുന്നതിനിടെ

സ്വന്തം ലേഖകൻ

കോട്ടയം : വീടിന്റെ ജനലിൽ കെട്ടിയിരുന്ന ഷോൾ കഴുത്തിൽകുരുങ്ങി പതിനൊന്നുവയസുകാരിയ്ക്കു ദാരുണാന്ത്യം. വീട്ടുകാർ ജോലിയ്ക്കു പോയ സമയത്ത് വീടിനുള്ളിൽ സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയ്ക്കു ദുരന്തം സംഭവിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളുത്തുരുത്തി ഗവ.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി പാത്താമുട്ടം കരിമ്പനക്കുന്നേൽ സനീഷിന്റെയും സൗമ്യയുടെയും മകൾ അതുല്യ സനീഷാണ് (11) ദാരുണമായി മരിച്ചത്. കുട്ടിയുടെ പിതാവ് സനീഷ് ഓട്ടോ ഡ്രൈവറാണ്. അമ്മ റബർ കമ്പനിയിൽ ജീവനക്കാരിയാണ്.

പാത്താമുട്ടം കരിമ്പനക്കുന്നേൽ ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുട്ടിയുടെ സഹോദരൻ വീടിനു പുറത്തേയ്ക്കിറങ്ങി. ഈ സഹോദരനൊപ്പമെത്താൻ കുട്ടിയും പിന്നാലെ ഓടുകയായിരുന്നു. ഈ സമയം കുട്ടിയുടെ കഴുത്തിൽകിടന്ന ഷോൾ വീടിന്റെ ജനലിൽ കുടുങ്ങുകയായിരുന്നുവെന്നു സംശയിക്കുന്നു.

കുട്ടി കളിച്ചുകൊണ്ടിരുന്ന മുറിയ്ക്കുള്ളിൽ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ടാണ് കുട്ടിയുടെ അമ്മയുടെ സഹോദരന്റെ ഭാര്യ ഓടിയെത്തിയത്. ഇവരാണ് കുട്ടിയുടെ കഴുത്തിൽ ഷോൾ കുടുങ്ങിയത് കണ്ടത്.

തുടർന്ന് , ഇവർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. ചിങ്ങവനം പൊലീസ് കേസെടുത്തു.

Top