സ്വന്തം ലേഖകൻ
കോഴിക്കോട് : നാളെ മുതൽ സംസ്ഥാനത്തെ കടകൾ തുറക്കുമെന്ന് ആവർത്തിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി.കോവിഡ് പ്രോട്ടോകോൾ ലംഘിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കടുത്ത ഭാഷയിൽ പ്രതികരിച്ചു.
എങ്കിലും നാളെ കട തുറക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഭീഷണിക്ക് വഴങ്ങി വ്യാഴാഴ്ചകടകൾ തുറക്കുമെന്ന തീരുമാനത്തിൽ നിന്ന് പിൻമാറില്ലെന്നും ഇതിലും വലിയ ഭീഷണി മുൻപും ഉണ്ടായിട്ടുണ്ടെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു.
കടകൾ തുറക്കണമെന്ന വ്യാപാരികളുടെആവശ്യം ന്യായമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എങ്കിൽ അതിനെ അംഗീകരിക്കാൻ മടിയെന്തിനാണ്. ജീവിക്കാനാണ് കടകൾ തുറക്കാൻ വ്യാപാരികൾ ആവശ്യപ്പെടുന്നത്.
കടകൾ തുറക്കുന്നത് സർക്കാറുമായി യുദ്ധപ്രഖ്യാപനം നടത്താനാല്ല.കോഴിക്കോട്ടെ സമരത്തെ തള്ളുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്തിനായിരുന്നു സമരം ചെയ്തതെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും നസറുദ്ദീൻ പറയുന്നു.