കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. കൊലയാളി സംഘം തുടര്‍ച്ചയായി രണ്ട് ദിവസം ഷുഹൈബിനെ പിന്തുടര്‍ന്നതായി വിവരം ലഭിച്ചു. ആകാശ് തില്ലങ്കേരി, രജിന്‍ രാജ് എന്ന പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്.
ഒപ്പം ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ ആക്രമിക്കാതെ മടങ്ങുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. പതിനൊന്നാം തീയതിയും പന്ത്രണ്ടാം തീയതിയും വാടകയ്‌ക്കെടുത്ത കാറില്‍ ഇവര്‍ ഷുഹൈബിനെ പിന്തുടര്‍ന്നിരുന്നു. ഷുഹൈബിനൊപ്പം കൂടുതല്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതിനാല്‍ ആക്രമിക്കാതെ മടങ്ങി. പതിനൊന്നാം തീയതി ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഷുഹൈബ് പോയതും പദ്ധതി പാളുന്നതിന് കാരണമായി. 12 ന് രാവിലെ ഷുഹൈബിനെ പിന്തുടരുന്നതിനിടെ വെളളപ്പറമ്പില്‍ വെച്ച് ഒരു വാള്‍ നഷ്ടപ്പെട്ടു. ആ വാള്‍ രണ്ടു ദിവസത്തിനകം പൊലീസ് കണ്ടെടുത്തു.
പന്ത്രണ്ടിന് വൈകിട്ടാണ് ആകാശ് തില്ലങ്കേരി അക്രമി സംഘത്തിനൊപ്പം ചേര്‍ന്നത്. അന്നു രാത്രി 10.50 ന് തെരൂരിലെ തട്ടുകടയില്‍ വച്ച് അക്രമി സംഘം ഷുഹൈബിനെ ആക്രമിക്കുകയായിരുന്നു. കേസില്‍ ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്. അക്രമി സംഘത്തിലെ നാല് പേരും വാഹനം വാടകയ്ക്ക് എടുക്കാന്‍ സഹായിച്ചയാളും പ്രതികളെ ഒളിപ്പിച്ചയാളും പിടിയിലായി. അക്രമി സംഘത്തിലെ ഒരാളെ കൂടി ഇനി പിടികൂടാനുണ്ട്.
മട്ടന്നൂരിലെ ഒരു സിപിഎം നേതാവാണ് ആകാശ് തില്ലങ്കേരിക്ക് ഷുഹൈബിനെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയതെന്ന വിവരമാണ് ചോദ്യം ചെയ്യലില്‍ പുറത്ത് വന്നത്. ക്വട്ടേഷന്‍ ഗ്യാങിനെ തെരഞ്ഞെടുത്തതും പദ്ധതി പ്ലാന്‍ ചെയ്തതും ആകാശാണ്. തില്ലങ്കേരിയിലെ സജീവ പാര്‍ട്ടി പ്രവര്‍ത്തകരും ക്വട്ടേഷനില്‍ മുന്‍പരിചയമുള്ളവരുമായ റെജില്‍രാജ്, ജിതിന്‍, ദീപു എന്നിവരെ ആകാശ് ഇതിനായി ഒപ്പം കൂട്ടി.
വാഹനം എത്തിക്കാനുള്ള ചുമതല അഖിലിനായിരുന്നു. പാപ്പിനിശേരി അരോളിയിലെ പ്രശോഭ് എന്ന റെന്റ് എ കാര്‍ ബിസിനസുകാരനില്‍ നിന്നും വാഹനം വാടകയ്ക്കെടുത്ത് അഖില്‍ പ്രദേശ വാസിയായ അസ്‌കറിന് നല്‍കി. കൊലയാളി സംഘത്തിന് ഷുഹൈബിനെ ചൂണ്ടിക്കാട്ടിയതും വാഹനം ഓടിച്ചതും അസ്‌കറാണ്.
ഷുഹൈബിന്റെ ശരീരത്തിലെ 37 വെട്ടുകളില്‍ 12 എണ്ണവും വെട്ടിയത് താനാണെന്ന് ആകാശ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യം ചെയ്തു നല്‍കിയത് അന്‍വറായിരുന്നു. പാപ്പിനിശേരി അരോളി സ്വദേശി യു.പ്രശോഭിന്റെ ഉടമസ്ഥതയിലുള്ള ഈ കാര്‍ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിനോദയാത്രയ്ക്കെന്ന് പറഞ്ഞ് കാര്‍ വാടകയ്ക്കെടുക്കുകയായിരുന്നു.
പതിനാലാം തീയതി രാവിലെ തിരികെ നല്‍കുകയും ചെയ്തു. കാറില്‍നിന്ന് തെളിവുകള്‍ കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധനയും നടത്തുംമട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരും തില്ലങ്കേരി സ്വദേശികള്‍ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.. ഇനി പിടിയിലാകാനുള്ളത് തില്ലങ്കേരി സ്വദേശി ദീപു എന്ന ദീപ് ചന്ദുമാണ്.
പിടിയിലാവാനുള്ള ദീപുവിന് സംഭവത്തിനിടെ നിസാരമായ പരിക്കേറ്റിരുന്നു. കൊലയാളി സംഘത്തിലെ രണ്ട് പേര്‍ക്ക് ഒളിവില്‍ താമസിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയെന്നതാണ് അന്‍വറിന് മേലുള്ള കുറ്റം. ആകാശിന് കൊട്ടേഷന്‍ നല്‍കിയ നേതാവാരെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കാര്‍ വാടകക്കെടുക്കാന്‍ ആരാണ് സഹായിച്ചത് പദ്ധതി തയ്യാറാക്കിയതാരാണ് തുടങ്ങിയ കാര്യങ്ങളും ചോദ്യം ചെയ്യലില്‍ വ്യക്തമാകാനുണ്ട്.
പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതികളായ ആകാശ് തില്ലങ്കേരി, രജിന്‍ രാജ് എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികളുപയോഗിച്ച മറ്റ് വാഹനങ്ങളും ആയുധങ്ങളും കണ്ടെത്താനും തിരച്ചില്‍ നടക്കുന്നുണ്ട്.