ഒരു ഗ്രാമത്തിലെ മുഴുവൻ മിണ്ടാപ്രാണികളുടെ ദാഹമകറ്റാൻ ഈ സാധാരണക്കാരൻ പ്രയത്‌നിച്ചത് 27 വർഷമാണ്. കടുത്ത ജലക്ഷാമത്താൽ ജലത്തിനായി അലയുന്ന റായ്പൂരിലെ സാജാ പഹാഡിലെ മിണ്ടാപ്രാണികൾക്കാണ് സ്വന്തമായി കുളംകുത്തി നൽകി ശ്യാംലാൽ എന്ന ഛത്തീസ്ഗഢ് സ്വദേശി കരുണയുടെ മനുഷ്യമുഖമായി മാറുന്നത്.
ശ്യാംലാൽ നിർമിച്ച ഒരു ഏക്കർ വിസ്തൃതിയുള്ള കുളത്തിന് പതിനഞ്ച് അടി ആഴവുമുണ്ട്. സാജാ പഹാഡിലെ മനുഷ്യരും മൃഗങ്ങളുമെല്ലാം വെള്ളത്തിനായി അലയുകയായിരുന്നു ഇത്ര വർഷം. അങ്ങിങ്ങുള്ള ഏതാനും കിണറുകൾ മാത്രമായിരുന്നു അവിടെയുള്ള ജീവജാലങ്ങളുടെ ഏക ആശ്രയം.
തന്റെ നാട്ടുകരുടെ ദുരവസ്ഥ കണ്ട് മനംമടുത്ത ശ്യാംലാൽ പതിനഞ്ചാം വയസ്സിലാണ് ഒരു മൺവെട്ടിയുമായി കുളംകുത്താൻ ഇറങ്ങുന്നത്. പതിനഞ്ചുകാരന്റെ വികൃതിയായി കണ്ട് ഗ്രാമവാസികൾ അവനെ പരിഹസിച്ചു. എന്നാൽ അതൊരു തമാശയായിരുന്നില്ല. കാട്ടിൽ ഒരിടം കണ്ടെത്തി കുളം കുത്താൻ തുടങ്ങി. 27 വർഷമാണ് ശ്യാംലാൽ നിലം കുഴിച്ചത്. ഒടുവിൽ കഠിനപ്രയത്‌നത്തിന്റെ ഫലമായി ശ്യാംലാൽ എടുത്ത കുഴിയിൽ വെള്ളം വന്നു. ഇന്ന് താൻ കുഴിച്ച കുളത്തിനടുത്ത് നിന്ന് ആരുടേയും സഹായമില്ലാതെ സ്വപ്രയത്‌നത്താൽ മാത്രമാണ് കുളം ഉണ്ടാക്കിയതെന്ന് പറയുമ്പോൾ ശ്യാംലാലിന്റെ കണ്ണിൽ അഭിമാന തിളക്കം.


