ന്യൂഡൽഹി: കർണാടകയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി !.. തന്നെ വലയിലാക്കാൻ ബിജെപി കുതിരക്കച്ചവടത്തിനു ശ്രമിച്ചെന്ന ആരോപണം തള്ളി കോണ്‍ഗ്രസ് നേതാവ്. തന്‍റെ ഭാര്യയുമായി ബിജെപി നേതാക്കൾ സംസാരിക്കുന്നതെന്ന പേരിൽ കോണ്‍ഗ്രസ് പുറത്തുവിട്ട ശബ്ദരേഖകൾ വ്യാജമാണെന്നും തന്നെ വലയിലാക്കാൻ ഭാര്യയെ ബിജെപി നേതാക്കൾ സമീപിച്ചിട്ടില്ലെന്നും യെല്ലപൂരിൽനിന്നുള്ള കോണ്‍ഗ്രസ് എംഎൽഎ ശിവറാം ഹെബ്ബാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ശിവറാം ഹെബ്ബാർ എംഎൽഎയുടെ ഭാര്യയുമായി ബിജെപി നേതാക്കൾ നടത്തിയതെന്ന് അവകാശപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങൾ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. മകൻ വിവേക് ഹെബ്ബാറിനെതിരെയുള്ള ഖനന കേസുകൾ പിൻവലിക്കാമെന്നും പണവും കാബിനറ്റ് റാങ്കും നൽകാമെന്നുമായിരുന്നു പുറത്തുവിട്ട സംഭാഷണത്തിലുണ്ടായിരുന്നത്. എന്നാൽ ഇത്തരത്തിൽ ബിജെപി നേതാക്കൾ ആരുംതന്നെ തന്‍റെ ഭാര്യയോടു സംസാരിച്ചിട്ടില്ലെന്നും, ഇത്തരം ഒരു സംഭവമുണ്ടായതിൽ താൻ ഖേദിക്കുന്നുവെന്നും എംഎൽഎ വ്യക്തമാക്കി.
രാജിവച്ച മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ബി.ശ്രീരാമുലു, മുരളീധര റാവു, പുട്ടസ്വാമി, യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര തുടങ്ങിയ ബിജെപി നേതാക്കൾ നടത്തിയതെന്ന് അവകാശപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങളാണ് കോണ്‍ഗ്രസ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. മന്ത്രിപദവിയും കോടിക്കണക്കിനു രൂപയും വാഗ്ദാനം ചെയ്തുള്ള ഈ ഫോണ്‍വിളികൾ തങ്ങളുടേതല്ലെന്നാണു ബിജെപി വാദിക്കുന്നത്.
അതേസമയം ജനവിധിക്കെതിരായ നടപടിയാണ് കര്‍ണാടകയില്‍ ഉണ്ടായിട്ടുള്ളതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജനവിധി ബിജെപിക്കൊപ്പമായിരുന്നു, 40ല്‍ നിന്നും 104 സീറ്റ് നേടിയത് ഇതിനുള്ള തെളിവാണ്. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിച്ചത് ബിജെപിയുടെ ഭരണമാണ്. കോണ്‍ഗ്രസ് ജെഡിഎസിനോട് ചേര്‍ന്ന് ഇത് അട്ടിമറിക്കുകയായിരുന്നു. ഈ ബന്ധം ജനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല.2019ലെ ലോക്‌സഭ തെരഞ്ഞടുപ്പില്‍ ബിജെപി കൃത്യമായ മേല്‍ക്കൈ നേടുമെന്നും അമിത് ഷാ പറഞ്ഞു.
ഓഡിയോ ടേപ്പുകള്‍ വ്യാജമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നുണ്ട്. സുപ്രീം കോടതിയിലെ കേസിനെ സ്വാധീനിക്കാന്‍ വേണ്ടിയായിരുന്നു ഈ വ്യാജപ്രചാരണം. ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചിരുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.


