കുട്ടികളെ പഠിപ്പിക്കാന്‍ മാത്രമല്ല പാമ്പ് പിടുത്തവും അറിയാം ഈ അധ്യാപകന് 

അലഹബാദ്: അധ്യാപനം മാത്രമാണ് ഒരു ഗുരുവിന്റെ ജീവിതം എന്നത് തെറ്റായ കാര്യമാണ്. കാരണം അവര്‍ക്ക് വിനോദങ്ങളില്‍ ചെയ്യാന്‍ ഒരു പാട് കാര്യങ്ങളുണ്ടാവും. ഇവിടെയിതാ അധ്യാപനം മാത്രമല്ല, മറിച്ച് അത്യാവശ്യ സമയത്ത് മറ്റുപണികളും ഈ മാഷിന് ചെയ്യാന്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ്. ക്യാമ്പസിലേക്ക് കടന്ന് വന്ന പാമ്പിനെ പിടികൂടി സ്റ്റാറായിരിക്കുകയാണ്  അധ്യാപകന്‍. അലഹബാദ് ശ്യാം പ്രസാദ് മുഖര്‍ജി ഗവണ്‍മെന്റ് കോളജിലെ ബോട്ടണി വിഭാഗം മേധാവിയായ എന്‍.ബി.സിങാണ് ക്യാമ്പസിലേക്ക് ഇഴഞ്ഞെത്തിയ പെരുമ്പാമ്പിനെ പിടികൂടിയത്. 12 അടി നീളവും 40 കിലോ ഭാരവുമുള്ള പാമ്പിനെയാണ് അദ്ദേഹം പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ക്യാമ്പസില്‍ പാമ്പിനെ കണ്ടത് വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തിയിരുന്നു. അവര്‍ അധ്യാപകരോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് അധ്യാപകനായ സിങ് പാമ്പിനെ പിടിക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. വിദ്യാര്‍ഥികള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പാമ്പും ഭയന്നു. അതുകൊണ്ട് തന്നെ വളരെ പാടുപെട്ടാണ് അദ്ദേഹം പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് പാമ്പിനെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. അധ്യാപകനാണെങ്കിലും ഇതുപോലെയുള്ള ആവശ്യഘട്ടങ്ങളില്‍ നിരവധി തവണ താന്‍ പാമ്പിനെ പിടികൂടിയിട്ടുണ്ടെന്നാണ് സിങ് പറയുന്നത്. നമ്മള്‍ പാമ്പിനെ ഉപദ്രവിച്ചാല്‍ മാത്രമെ അവ തിരിച്ചും നമ്മെ ഉപദ്രവിക്കൂ. അത് വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കികൊടുക്കാന്‍ വേണ്ടികൂടിയാണ് ഇത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നത്.

Top