ബിജെപി നേതാക്കള്‍ക്ക് എടുത്തുപറയാനോ ചര്‍ച്ചകളില്‍ പിടിച്ചു നില്‍ക്കാനോ കടുകട്ടി വാക്കുകള്‍ വേണം..ശബരിമല വിഷയത്തില്‍ അത് ‘കണ്‍കറന്റ് ലിസ്റ്റ്’ ആണ്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു ബി ജെ പി നേതാക്കള്‍ വ്യാപകമായി ഉപയോഗിക്കുന്ന വാക്ക്. ഇന്നലെ ഈ വാക്ക് പറഞ്ഞ് വെട്ടിലായത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ആണ്.
റിപ്പോട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ സി.പി.ഐ.എം പ്രതിനിധി എ.എ റഹിമും ബി.ജെ.പി പ്രതിനിധി ശോഭാ സുരേന്ദ്രനും തമ്മിലുള്ള വാക്പോരിലാണ് കണ്‍കറന്റ് ലിസ്റ്റ് ചര്‍ച്ചയായത്. വനിതാമതിലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ എന്ത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമസഭ പ്രമേയം പാസാക്കിയാലെങ്കിലും കേന്ദ്രം നോക്കാം എന്ന് പറയാത്തത് എന്നും പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തകര്‍ പോലും വിഷയം പ്രധാനമന്ത്രിയോട് ചോദിക്കാത്തത് എന്നും മനസിലാകുന്നില്ലെന്ന എന്ന അവതാരകന് അഭിലാഷിന്റെ ചോദ്യത്തിനുള്ള മറുപടി പറയുന്നതിനിടെയാണ് ശോഭാ സുരേന്ദ്രനും റഹീമും തമ്മില്‍ വാക്പോര് ഉണ്ടായത്.
ചോദ്യത്തിന് ഉത്തരമായി അവതാരകന് അഭിലാഷിന് അത് മനസിലാവില്ലെന്നും അവതാരകന് എന്നതില്‍ ഉപരിയായി ബി.ജെ.പിയെ എങ്ങിനെയെങ്കിലും താറ് അടിച്ച് കാണിക്കുന്നതാണ് താല്പര്യമെന്നും പറഞ്ഞ ശോഭ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. ബി.ജെ.പിയുടെ പ്രവര്‍ത്തകര്‍ അത്യാവശ്യം തലയ്ക്കകത്ത് ആള്താമസമുള്ളവരാണെന്നും അവര്‍ക്ക് അറിയാം കേരളത്തിന്റെ കണ്‍കറന്റ് ലിസ്റ്റിലുള്ള സംഭവമാണെന്ന് എന്ന് പറയുകയായിരുന്നു. ഇതോടെ അവതാരകന് ചിരിയടക്കാനായില്ല കേരളത്തിന് കണ്‍കറന്റ് ലിസ്റ്റ് എന്ന് പറയുന്ന ഒന്നില്ലെന്ന് ശോഭസുരേന്ദ്രനെ ഓര്‍മ്മിപ്പിച്ചെങ്കിലും കേള്‍ക്കാന്‍ തയ്യാറാകാതെ സംസാരിക്കുകയായിരുന്നു.
എന്താണ് കണ്‍കറന്റ് ലിസ്റ്റ് എന്ന് എ.എ റഹിം ചോദിച്ചെങ്കിലും പിണറായിയോട് പോയി ചോദിക്കാനായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. എന്നാല്‍ ചോദ്യത്തില്‍ ഉറച്ചുനിന്ന റഹിമിനോട് കൂടുതല്‍ സംസാരിക്കാതെ ശോഭാ സുരേന്ദ്രന് ചര്‍ച്ചയില്‍നിന്ന് ഒഴിവാകുകയും ചെയ്തു. ശോഭയുടെ മറുപടി അവതാരകനെയും പാനല്‍ അംഗങ്ങളെയും ചിരിയിലാഴ്ത്തിയിരുന്നു.
ചര്‍ച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി. ഫേസ്ബുക്കില്‍ നിരവധി പേരാണ് എന്താണ് കണ്‍കറന്റ് ലിസ്റ്റ് എന്ന് ചോദിച്ച് ശോഭാ സുരേന്ദ്രനെ ട്രോളുന്നത്.