കോഴിക്കോട്: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും, ബിജെപിയും തെരുവില്‍ ഇറങ്ങിയതോടെ കേരളം യുദ്ധക്കളമാകുന്നു. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങാന്‍ സിപിഎം രാഷ്ട്രീയ തീരുമാനം വന്നതോടെയാണ് കേരളം കരുതിക്കളമാകുന്നത്.
ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ച് അക്രമാസക്‌തമായി. സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് മാര്‍ച്ച് അക്രമാസക്‌തമായത്. സാധാരണ സെക്രട്ടേറിയേറ്റ് മാര്‍ച്ചുകളില്‍ നിന്നും വ്യത്യസ്‌തമായി സെക്രട്ടേറിയേറ്റിലെ കന്റോണ്‍മെന്റ് ഗേറ്റിന് സമീപത്തേയ്‌ക്ക് പ്രകടനം നീങ്ങിയതോടെ പോലീസ് ജലപീരങ്കി പ്രായോഗിക്കുകയായിരുന്നു.
ഇതിനിടെ പോലീസിന്റെ പ്രതിരോധ വലയം ഭേദിച്ചുകൊണ്ട് ബാരിക്കേഡിന് മുകളില്‍ കയറിയ ഒരു പ്രവര്‍ത്തകന്‍ ബാരിക്കേഡിനു മുകളില്‍ ഡിവൈഎഫ്‌ഐയുടെ കൊടി നാട്ടി. ജലപീരങ്കി പ്രയോഗത്തിലൂടെ പിന്മാറിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചെത്തിയതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. വീണ്ടും മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ മുന്നോട്ട് നീങ്ങിയതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്‌തു.
പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശിയതില്‍ പ്രതിഷേധിച്ച് വി.ശിവന്‍കുട്ടി എം.എല്‍.എ നടുറോഡില്‍ കുത്തിയിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. സ്‌ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്‌ഥ നിലനില്‍ക്കുകയാണ്.
കോഴിക്കോടും ഇടതു വിദ്യാര്‍ഥിയുവജന സംഘടനകളും പോലീസും തമ്മിലുള്ള സംഘര്‍ഷം തുടരുക തന്നെയാണ്. നിരവധി പ്രവര്‍ത്തകര്‍ക്ക് പോലിസ് ബലപ്രയോഗത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. ഇതിന്നിടയില്‍ തിരുവനന്തപുരത്ത് യുവമോര്‍ച്ചയുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചും അക്രമാസക്തമായി. പ്രതിഷേധക്കാരെ തടയാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് വിരട്ടിയോടിക്കുകയും ചെയ്തിട്ടുണ്ട്.