തിരുവനന്തപുരം:പടയൊരുക്കത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രാഹുൽ ഗാന്ധി എത്തില്ലായെന്ന സൂചന . പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ക്കെതിരെ ശക്തമായ പരാമര്‍ശങ്ങള്‍ സോളാര്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായ സാഹചര്യത്തില്‍ രാഹുല്‍ തീരുമാനം പുനഃപരിശോധിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രത്യേകിച്ചും ഒരു തിരിച്ചുവരവിനൊരുങ്ങുന്ന കോണ്‍ഗ്രസിന് റിപ്പോര്‍ട്ട് വലിയ ആഘാതമായിരിക്കുകയാണ് ഈ അവസരത്തിൽ ദേശീയതലത്തില്‍ ബി.ജെ.പി ഇത് ആയുധമാക്കുമെന്ന് രാഹുല്‍ ഭയക്കുന്നു. അതുകൊണ്ട് എത്രയും വേഗം ഇതിന് പരിഹാരം കാണണമെന്നാണ് രാഹുല്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. സോളാര്‍ റിപ്പോര്‍ട്ട് സംസ്ഥാന കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയുണ്ടാക്കിയെന്ന അഭിപ്രായമാണ് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിനുള്ളത്. പാര്‍ട്ടിയിലെ നിഷ്പക്ഷര്‍ മാത്രമല്ല, ഐ-ഏ ഗ്രൂപ്പില്‍പ്പെട്ട ചില പ്രമുഖ നേതാക്കളും ഈ വിഭാഗത്തിലുണ്ട്.അവര്‍ ഇക്കാര്യം രാഹുലിനെ അറിയിച്ചുകഴിഞ്ഞു. അഴിമതിക്ക് പുറമെ ലൈംഗീക ആരോപണങ്ങള്‍ കൂടി ഉയര്‍ന്ന സാഹചര്യത്തില്‍ അവയെ ഒന്നും പറഞ്ഞ് പ്രതിരോധിക്കാനാവില്ലെന്നാണ് അവരുടെ അഭിപ്രായം. തോമസ് ചാണ്ടിയുടെ കാര്യത്തിലൊക്കെ വലിയ ധാര്‍മ്മികത പറയുന്ന കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ കൈയൊഴിയാനാവില്ലെന്നാണ് അവരുടെ നിലപാട്.
ഇക്കാര്യത്തില്‍ സരിതയുടെ കത്ത് വിശ്വസിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് പാടെ അവഗണിക്കുന്നുവെന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെ വിശദീകരണവും വിശ്വസിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. കുറ്റാരോപിതന്‍ അത് നിഷേധിക്കുന്നതിനെ വസ്തുതയായി കാണാനാവില്ല. അങ്ങനെയാണെങ്കില്‍ തോമസ് ചാണ്ടിയുടെയും ദിലീപിന്റെയുമൊക്കെ മൊഴികളും പ്രസ്താവനകളും മുഖവിലയ്ക്ക് എടുക്കേണ്ടിവരും. അതുകൊണ്ടുതന്നെ അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കാണുന്നതുവരെ ആരെയും ഒഴിവാക്കാനാവില്ലെന്നും ഇവര്‍ പറയുന്നു.ഇക്കാര്യങ്ങളൊക്കെ വിശദമായി തന്നെ സംസ്ഥാനത്തെ ചില നേതാക്കള്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം എ.ഐ.സി.സി റിപ്പോര്‍ട്ടിനെ എതിര്‍ത്തും കുറ്റാരോപിതരെ പിന്തുണച്ചും രംഗത്ത് വന്നത് കൂടുതല്‍ ആഘാതം ഏല്‍പ്പിക്കാതിരിക്കാനാണെന്നാണ് സംസ്ഥാനത്തെ ചില നേതാക്കള്‍ നല്‍കുന്ന സൂചന. സോളാര്‍ റിപ്പോര്‍ട്ട് ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണെന്ന വിലയിരുത്തലാണ് രാഹുല്‍ ഉള്‍പ്പെടെയുള്ളവക്കെന്നാണ് സംസ്ഥാനത്തെ ഒരുവിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നത്.
ബി.ജെ.പിക്കെതിരെ ശക്തമായ ഒരു മുന്നണി ഗുജറാത്തില്‍ ഉണ്ടാക്കിക്കൊണ്ട് പാര്‍ട്ടിയെ ദേശീയതലത്തില്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് രാഹുല്‍. മോഡിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിലെയും പാര്‍ട്ടിയിലേയും നേതാക്കള്‍ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച് അവരെ പ്രതിരോധത്തിലാക്കിക്കൊണ്ട് മുന്നേറാനാണ് രാഹുലിന്റെ നീക്കം. സംശുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടുപോകുന്നതിനുള്ള നീക്കമാണ് അദ്ദേഹം നടത്തുന്നത്. രണ്ടാം യു.പി.എ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് കോണ്‍ഗ്രസിനെ ഇന്ന് ഈ നിലയില്‍ എത്തിച്ചത്. അതുകൊണ്ടുതന്നെ സോളാര്‍ റിപ്പോര്‍ട്ടിനെ ഗൗരവത്തോടെ തന്നെ കാണണമെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നാണ് സൂചന.
നേരത്തെതന്നെ ഇക്കാര്യത്തിലൊക്കെ രാഹുലിന് വ്യക്തമായ നിലപാടുമുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ നിലപാടിലാണ് അദ്ദേഹം. അല്ലെങ്കില്‍ ഗുജറാത്തിലുള്‍പ്പെടെ പാര്‍ട്ടിക്ക് തിരിച്ചുവരാനുള്ള അവസരത്തിന് അത് വലിയ തിരിച്ചടിയുണ്ടാകും. പ്രത്യേകിച്ചും രണ്ടാം യു.പി.എയിലെ ചില മന്ത്രിമാര്‍ കൂടി ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി ഇത് ഉപയോഗിക്കുമെന്ന് രാഹുലും അദ്ദേഹത്തോടൊപ്പമുള്ളവരും വിശ്വസിക്കുന്നു. മാത്രമല്ല, ഒരു കാലത്ത് കോണ്‍ഗ്രസ് വലിയരീതിയില്‍ ഉയര്‍ത്തിക്കാട്ടിയ ഉമ്മന്‍ചാണ്ടിതന്നെ ആരോപണത്തില്‍ വരുന്നതുകൊണ്ടും വലിയ ആശങ്കയിലാണ് രാഹുല്‍ക്യാമ്പ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കടുത്ത അതൃപ്തിയുമുണ്ട്.അതിനാല്‍ അടുത്തമാസം പടയൊരുക്കം സമാപിക്കുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ ഉണ്ടാക്കണമെന്നാണ് രാഹുല്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കോടതിയെ സമീപിക്കുകയാണെങ്കില്‍ എത്രയും വേഗം അത് ചെയ്ത് റിപ്പോര്‍ട്ടിനെതിരെ നടപടിയുണ്ടാക്കണം. അല്ലെങ്കില്‍ പടയൊരുക്കത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാന്‍ നല്‍കിയ അനുമതി പുനഃപരിശോധിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതാണ് ലഭിക്കുന്ന സൂചന.