തിരുവനന്തപുരം: സോളാര്‍ കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസിലെ രണ്ടാം പ്രതിയായ നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. ശാലു മേനോന്റെ വീടും പറമ്പും ജപ്തി ചെയ്യാന്‍ ആണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണന്‍ നിര്‍മ്മിച്ച് നല്‍കിയതാണ് ഈ വീട്. ബിജു രാധാകൃഷ്ണനും ശാലു മേനോനും അടുപ്പത്തിലും ആയിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രവാസിയായ റാസിഖ് അലിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു എന്ന കേസിലും ഡോ മാത്യു തോമസിസല്‍ നിന്ന് 30 ലക്ഷം തട്ടിയെടുത്തു എന്ന കേസിലും ആണ് ശാലുവും ബിജു രാധാകൃഷ്ണനും പ്രതികള്‍. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് എന്ന പേരില്‍ ആയിരുന്നു ബിജു രാധാകൃഷ്ണന്‍ ഇവരെ പരിചയപ്പെട്ടത്.
സോളാര്‍ കേസില്‍ ആദ്യത്തെ വിധി വന്നപ്പോള്‍ ശാലു മേനോനെ കോടതി കുറ്റവിമുക്തയാക്കിയിരുന്നു. കേസില്‍ വിധി വരും വരെ ആണ് ജപ്തി എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. സോളാറുമായി ബന്ധപ്പെട്ട ഈ കേസില്‍ ശാലു മേനോന്‍ രണ്ടാം പ്രതിയും ശാലു മേനോന്റെ അമ്മ കമലാ ദേവി മൂന്നാം പ്രതിയും ആണ്.