കോയമ്പത്തൂര്‍: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി അന്വേഷണ കമ്മീഷന്‍ കോയമ്പത്തൂര്‍ സെല്‍വപുരത്തെ സെല്‍വി എന്ന സ്ത്രീയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്തിയില്ല. സി.ഡി സൂക്ഷിച്ചിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ അവകാശപ്പെട്ട കോയമ്പത്തൂര്‍ സെല്‍വപുരം വരെ പോയി തിരച്ചില്‍ നടത്തിയ പോലീസ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ല. പരിശോധനയ്‌ക്കൊടുവില്‍ സി.ഡി സൂക്ഷിച്ചിരുന്ന സഞ്ചിയില്‍ നിന്ന് ആരോ അത് മാറ്റിയെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞതോടെ പോലീസ് തിരച്ചില്‍ അവസാനിപ്പിച്ച് കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. അത്യന്തം നാടകീയത നിറഞ്ഞ ഒരു കോയമ്പത്തൂര്‍ യാത്രയ്‌ക്കൊടുവില്‍ ഒരു പകലിന് ശേഷം രാത്രി 10: 20 ഓടെ സി.ഡി കിട്ടാത്ത സ്ഥിതിക്ക് നാട്ടിലേക്ക് തിരിക്കാമെന്ന നിഗമനത്തില്‍ പോലീസും അഭിഭാഷകനുമെത്തിയത്.
ബിജുരാധാകൃഷ്ണന്‍ ഏല്‍പ്പിച്ച രേഖകള്‍ കയ്യിലുണ്ടെന്നും സോളാര്‍ അഭിഭാഷക സംഘത്തിന് അത് കൈമാറാന്‍ തയ്യാറാണെന്നും സെല്‍വിയുടെ ബന്ധുക്കള്‍ അറിയിച്ചിരുന്നു. നാട്ടുകാരുമായി നടത്തിയ മധ്യസ്ഥശ്രമത്തിന് ശേഷമാണ് പൊതി കൈമാറാന്‍ ഇവര്‍ തയ്യാറായത്. സെല്‍വിയുടെ കൈവശം സി.ഡിയുണ്ടെന്ന ബിജു നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സംഘം കോളനിയിലത്തെിയത്. സെല്‍വിയെ കണ്ടെത്തിയെങ്കിലും സി.ഡി നല്‍കാന്‍ അവര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് സെല്‍വിയുടെ ഭര്‍ത്താവ് ചന്ദ്രനെ അന്വേഷിച്ച് സംഘം ഗോവിന്ദരാജപുരത്തത്തെി. തുടര്‍ന്നാണ് രേഖകള്‍ നല്‍കാന്‍ വീട്ടുകാര്‍ സന്നദ്ധത അറിയിച്ചത്. ചന്ദ്രന്‍െറ അമ്മയാണ് പൊലീസിന് പൊതി കാട്ടിക്കൊടുത്തത്.
അതേസമയം, ബിജു രാധാകൃഷ്ണന്‍റെ അകന്ന ബന്ധുവാണ് സെല്‍വിയെന്ന് സരിത എസ്.നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ വെച്ച് ഒരു പ്രാവശ്യം കണ്ടിട്ടുണ്ടെന്നും സരിത പറഞ്ഞു. നാലു മണിക്കൂറോളം നീണ്ട യാത്രയിലാണ് പൊലിസ് സംഘം നഗരത്തിലെത്തിയത്. ബിജുവിനും സോളാര്‍ കമ്മീഷന്‍ അഭിഭാഷകന്‍ ഹരികുമാറിനും പുറമെ നാലു പൊലീസുകാര്‍ അടങ്ങുന്ന സംഘമാണ് മൂന്നരയോടെ കൊച്ചിയില്‍ നിന്ന് കമ്മീഷന്‍റെ വാഹനത്തില്‍ പുറപ്പെട്ടത്. 10 മണിക്കൂറിനകം സി.ഡി ഹാജരാക്കാമെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമീഷന് മുമ്പാകെ രാവിലെ അറിയിച്ചിരുന്നു. സി.ഡി എവിടെയാണെന്ന കാര്യം കമ്മീഷനു മുമ്പാകെ മാത്രമെ വെളിപ്പെടുത്തിയിരുന്നുള്ളു.
താന്‍ തെളിവുകളുമായി തിരിച്ചുവരുമെന്നും ആരെയും കബളിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ളെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് ബിജു രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നാലു സെറ്റ് സിഡി ആണ് ഉള്ളത്. ഒന്ന് കിട്ടിയില്ലെങ്കില്‍ മറ്റൊന്ന് കിട്ടാനാവുന്ന തരത്തില്‍ താന്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. താന്‍ ഒരു സര്‍ക്കാറിനും എതിരല്ല, എന്നാല്‍ എതിര്‍കക്ഷികള്‍ സര്‍ക്കാറിന്‍െറ ഭാഗമായതിന് ഞാന്‍ ഉത്തരവാദിയല്ല. താന്‍ പറയുന്നത് നൂറ് ശതമാനവും സത്യമാണ്. ശക്തമായ തെളിവുകളുള്ളതിന്‍െറ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. സോളാര്‍ കേസില്‍ താനനുഭവിച്ചതിനൊക്കെ മറുപടിയായി തെളിവുകള്‍ ഹാജരാക്കും. സി.ഡി എവിടെയാണ് സൂക്ഷിച്ചതെന്ന ചോദ്യത്തിന് ബിജു മറുപടി നല്‍കിയില്ല.
രാജ്യത്ത് എവിടെ നിന്നാണെങ്കിലും സാക്ഷി മുഖേന തെളിവ് കമീഷന് മുമ്പില്‍ എത്തിക്കാന്‍ അധികാരമുണ്ടെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. അതിന് കേന്ദ്രനിയമം അനുവദിക്കുന്നുണ്ട്. ഇത് സാധാരണ ആരോപണമല്ല. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കും മറ്റ് പ്രമുഖര്‍ക്കും എതിരായ ശക്തമായ ആരോപണമാണ്. അത് തെളിയിക്കാന്‍ ഉപോല്‍പലകമായ തെളിവാണിത്. സി.ഡിയുടെ രഹസ്യ സ്വഭാവം ഉറപ്പുവരുത്തുകയും ബിജു രാധാകൃഷ്ണന്‍റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും കമീഷന്‍ അറിയിച്ചിരുന്നു. തെളിവ് ശേഖരിക്കുന്ന സ്ഥലവും നടപടികളും രഹസ്യമായി സൂക്ഷിക്കും. എന്നാല്‍, സംഘത്തില്‍ തന്‍റെ അഭിഭാഷകനെ ഉള്‍പ്പെടുത്തണമെന്ന ബിജുവിന്‍റെ ആവശ്യം കമ്മീഷന്‍ അംഗീകരിച്ചിട്ടില്ല. കേസില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് ബിജു രേഖാമൂലം കമീഷനോട് ആവശ്യപ്പെട്ടിരുന്നു. സരിതയെയും തന്നെയും നുണപരിശോധനക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സോളാര്‍ കമീഷന് മുമ്പില്‍ ബിജു രാധാകൃഷ്ണന്‍ വികാരാധീനനായാണ് സംസാരിച്ചത്. സരിത നായര്‍ക്കും തനിക്കും രണ്ട് നീതിയാണ്. ഇന്ന് മനുഷ്യാവകാശ ദിനമാണ്. എനിക്കും അവകാശങ്ങളുണ്ട്. അത് സംരക്ഷിക്കപ്പെടണം. സരിതയുടെ കത്ത് കണ്ടെടുക്കാനോ കമീഷന്‍ മുമ്പാകെ ഹാജരാക്കാനോ ആരും താല്‍പര്യം കാണിക്കുന്നില്ലെന്നും ബിജു പറഞ്ഞു. സി.ഡി ഹാജരാക്കാന്‍ ആരെയാണ് ചുമതലപ്പെടുത്തിയതെന്ന ഉത്തരവ് ഇതുവരെ കമീഷന്‍ പുറപ്പെടുവിച്ചിട്ടില്ല.
അതേസമയം, മുഖ്യമന്ത്രിക്കെതിരായ സി.ഡിയും തെളിവും സോളാര്‍ കമീഷന് മുമ്പാകെ ഹാജരാക്കുമെന്ന് ബിജു രാധാകൃഷ്ണന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. വ്യാജ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തന്നെ ഭ്രാന്തനാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ബിജു ആരോപിച്ചു.
വന്‍ പൊലീസ് സുരക്ഷയിലാണ് ബിജുവിനെ സോളാര്‍ കമീഷന് മുമ്പാകെ ഹാജരാക്കിയത്. മുഖ്യമന്ത്രിക്കെതിരായ സി.ഡി ഹാജരാക്കുന്നതിന് ബിജു രാധാകൃഷ്ണന്‍ സാവകാശം തേടിയിരുന്നു. സി.ഡി ഇന്ന് തന്നെ ഹാജരാക്കാം. ഇതിന് 10 മണിക്കൂര്‍ സമയം അനുവദിക്കണം. കേരളത്തിന് പുറത്താണ് സി.ഡിയുള്ളത്. സി.ഡിയുടെ മൂന്ന് പകര്‍പ്പുകള്‍ കൈവശമുണ്ടെന്നും ബിജു കമീഷനെ അറിയിച്ചിരുന്നു.