സിനിമതാരങ്ങൾ ബിജെപിക്ക് വേണ്ടി മത്സരിക്കാനിറങ്ങുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ബിജെപി ടിക്കറ്റ് നൽകിയിരുന്നത് പാർട്ടി പറയുന്ന സംസ്കാരത്തിന് അനുയോജ്യമായ രീതിയിൽ നിലകൊള്ളുന്നവർക്കായിരുന്നു. എന്നാൽ ഇപ്പോഴിതാ ടിക്ടോക്കിലെ ഗ്ലാമർ താരത്തെ മത്സരിക്കാനിറക്കിയിരിക്കുകയാണ് ബിജെപി.
ഹരിയാനയിലെ നിയമസഭ പോരാട്ടത്തിനാണ് ടിക്ക് ടോക്കിലെ ഗ്ലാമർ താരം സോനാലി ഫോഗട്ടിനെ ബിജെപി മത്സരിക്കാൻ ടിക്കറ്റ് കൊടുത്തിരിക്കുന്നത്. അദംപൂർ മണ്ഡലത്തിൽ നിന്നാണ് സോനാലി ജനവിധി തേടുന്നത്. ജാട്ട് സമുദായക്കാർക്ക് മേൽകൈയുള്ള മണ്ഡലമാണ് അദംപൂർ. ടിക് ടോക്കിൽ നിരവധി ആരാധകർ സോനാലിക്കുണ്ട്. അതുകൊണ്ട് തന്നെ മണ്ഡലത്തെ ഇളക്കി മറിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതൃത്വം.
ഒക്ടോബർ 21നാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014 ലാണ് ഹരിയാനയിൽ ബിജെപി ആദ്യമായി അധികാരത്തിൽ എത്തുന്നത്. 47 സീറ്റുകളായിരുന്നു ബിജെപി സ്വന്തമാക്കിയത്. കോൺഗ്രസും ഐഎൽഎൽഡിയും നേരിടുന്ന പ്രതിസന്ധികൾ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പത്തിൽ പത്ത് സീറ്റുകളിലും വിജയിച്ചത് ബിജെപിയായിരുന്നു. അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് ഹരിയാനയിലെ ബിജെപി നേതൃത്വം.
മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകൻ കുൽദീപ് ബിഷ്ണോയിയാണ് സോനാലിക്ക് എതിരെ കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങുന്നത്. ഭജൻലാലിന്റെ ശക്തി കേന്ദ്രമാണ് രാജസ്ഥാൻ-ഹരിയാന അതിർത്തിയിലുള്ള അദംപൂർ മണ്ഡലം. ഭജൻലാൽ എട്ട് തവണ മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും മറ്റൊരു മകനും ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചിട്ടുണ്ട്. അവിടെയാണ് ഒരു ഗ്ലാമർ താരത്തെ നിർത്തി മണ്ഡലം പിടിച്ചെടുക്കാനുള്ള പരീക്ഷണം ബിജെപി നടത്തുന്നത്.
ഹരിയാനയിൽ ഭരണത്തുടർച്ച പ്രതീക്ഷിച്ചാണ് ബിജെപി നിയമസഭ തിരഞ്ഞെടുപ്പിനിറങ്ങുന്നത്. 90 അംഗ നിയമസഭയിൽ 75 സീറ്റുകൾ സ്വന്തമാക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. മനോഹർ ലാൽ ഖട്ടാർ തന്നെയാണ് ഇക്കുറിയും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. അതേസമയം ഹരിയാനയിൽ കോൺഗ്രസിലെ വിഭാഗീയത നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ തന്നെ മൂർച്ഛിച്ചു. എങ്കിലും സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ്.