ജോഹന്നാസ്ബർഗ്: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോൺ സ്ഥിരീകരിച്ചതിനെ തുടർന്ന് വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രവിലക്കിനെ അപലപിച്ച് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ. തങ്ങളുടെ രാജ്യത്തെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഈ നടപടികളിൽ കടുത്ത നിരാശയുണ്ടെന്നും റമാഫോസ വ്യക്തമാക്കി. അടിയന്തരമായി നിരോധനങ്ങൾ പിൻവലിക്കണമെന്നും ലോകരാജ്യങ്ങൾ ആഫ്രിക്കയ്ക്കൊപ്പം നിലകൊള്ളണമെന്നും റമാഫോസ ആവശ്യപ്പെട്ടു.
കോവിഡ് 19 ബി.1.1.529 വകഭേദം ദക്ഷിണാഫ്രിക്കയിലെ ഗോട്ടെംഗ് പ്രവിശ്യയിലാണു കണ്ടെത്തിയത്. അതേസമയം, വൈറസ് മാരകമാണോ എന്നതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനു മുന്പ് 18 രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തുകയായിരുന്നെന്ന് ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ഏഞ്ചലിക്ക് കോട്സി കുറ്റപ്പെടുത്തി.
ഒമിക്രോൺ ഭീഷണിയെ തുടർന്ന് 18 രാജ്യങ്ങളാണ് ദക്ഷിണാഫ്രിക്കയിൽനിന്നു യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ഒമിക്രോണിനെതിരെ വിവിധ രാജ്യങ്ങളിൽ ജാഗ്രത ശക്തമാണ്. തെക്കേ ആഫ്രിക്കയിലെ 10 രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര യുകെ നിരോധിച്ചിരുന്നു. ജർമനി, ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നിവയ്ക്കു പുറമേ ഹോങ്കോങ്, ഇസ്രയേൽ, ബൽജിയം എന്നിവിടങ്ങളിലും ഒമിക്രോൺ വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആശങ്കയുടെ സാഹചര്യത്തിൽ യുഎസ് 8 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി. കാനഡ, സൈപ്രസ് എന്നീ രാജ്യങ്ങളും യാത്ര വിലക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്ക് ബംഗ്ലദേശും ശ്രീലങ്കയും പ്രവേശനവിലക്ക് ഏർപ്പെടുത്തി. ദക്ഷിണാഫ്രിക്കയും ഹോളണ്ടും തമ്മിൽ നടക്കാനിരുന്ന ഏകദിന ക്രിക്കറ്റ് പരമ്പര മാറ്റിവച്ചു.
തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യയും യുഎഇയും ഒമാനും പ്രവേശനവിലക്ക് ഏർപ്പെടുത്തി. യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കിയിരുന്നു. ഇറാൻ, ബ്രസീൽ, തായ്‌ലൻഡ്, ഇസ്രയേൽ, തുർക്കി, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയ്ക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.